കാതലില്‍ മമ്മൂട്ടി ചെയ്തത് ബോളിവുഡില്‍ ഒരു സൂപ്പര്‍ സ്റ്റാറും ചെയ്യില്ലെന്ന് വിദ്യാ ബാലന്‍; കേരളത്തിലെ പ്രേക്ഷകര്‍ കൂടുതല്‍ സാക്ഷരരെന്നും താരം
ജിയോ ബേബി ചിത്രമായ കാതല്‍: ദി കോറിനെയും നായകനും നിര്‍മാതാവുമായ മമ്മൂട്ടിയെയും പുകഴ്ത്തി ബോളിവുഡ് താരം വിദ്യാ ബാലന്‍. കാതല്‍ എന്ന മലയാള സിനിമയിൽ മമ്മൂട്ടിയുടെ അവതരിപ്പിച്ച വേഷം ഒരു ഹിന്ദി നടനും ചെയ്യില്ലെന്ന് വിദ്യാ ബാലന്‍ പറഞ്ഞു. കേരളത്തിലെ പ്രേക്ഷകര്‍ കൂടുതല്‍ സാക്ഷരതയുള്ളവരാണെന്നും ബോളിവുഡില്‍ നിന്നും അതാണ് മലയാള സിനിമയെ വ്യത്യസ്തമാക്കുന്നതെന്നും അണ്‍ഫില്‍ട്ടര്‍ വിത്ത് സംദീഷ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെ വിദ്യാ ബാലൻ പറഞ്ഞു.
“മലയാള സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറായ മമ്മൂട്ടി അതില്‍ അഭിനയിക്കാന്‍ മാത്രമല്ല, ആ സിനിമ നിര്‍മിക്കാനും തയ്യാറായി. ഗേ സമൂഹത്തോടുള്ള സ്വീകാര്യതയും പിന്തുണയും ഇതിനെക്കാള്‍ വലിയ രീതിയില്‍ പ്രകടിപ്പിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഹിന്ദി താരങ്ങള്‍ക്കൊന്നും കാതല്‍ പോലൊരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. കേരളത്തില്‍ കൂടുതല്‍ സാക്ഷരതയുള്ള പ്രേക്ഷകരാണെന്ന കാര്യവും നാം അംഗീകരിക്കണം. അതൊരു വലിയ വ്യത്യാസമാണ്. ഇത്തരം കാര്യങ്ങളോട് കൂടുതല്‍ തുറന്ന മനോഭാവമുള്ള ആളുകളാണ് അവിടെയുള്ളത്.”
“മലയാളി പ്രേക്ഷകര്‍ അവരുടെ അഭിനേതാക്കളെ ബഹുമാനിക്കുന്നു, ആരാധിക്കുന്നു, പ്രത്യേകിച്ച് പുരുഷ സൂപ്പര്‍സ്റ്റാറുകളെ. അത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ മമ്മൂട്ടി മുന്നോട്ടുവന്നു എന്നതാണ് ഇതിനെ കൂടുതല്‍ മഹത്തരമാക്കുന്നത്,” വിദ്യാ ബാലന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here