പുറമ്പോക്കിലെ പ്ലാവ് മുറിച്ചുവിറ്റു: വയസുകാലത്ത്‌ വിജിലൻസ് കേസ്

തിരുവനന്തപുരം: സർക്കാർ പുറമ്പോക്ക് ഭൂമിയിൽനിന്ന് പ്ലാവ് മുറിച്ചുവിറ്റ വയോധിക സ്ത്രീക്കെതിരെ വിജിലൻസ് കേസെടുത്തു. പ്ലാവ് മരം ഹെഡ് സർവ്വേയർക്കു കൈക്കൂലിനൽകി സ്വന്തമാക്കി മുറിച്ചുവിറ്റതിനാണ് കേസ്. തിരുവനന്തപുരം കവടിയാർ പണ്ഡിറ്റ്‌ കോളനി മുളയറ ഹൗസില്‍ ബാബുക്കുട്ടിയുടെ ഭാര്യ സൂസന്നാമ്മ ഈപ്പൻ ആണ് കേസിലെ പ്രതി. ഇവർക്ക് 75 വയസ് പ്രായമുണ്ട്.

തിരുവനന്തപുരം താലൂക്കിലെ ഹെഡ് സർവ്വേയർ ആയിരുന്ന നെടുങ്കാട് സ്വദേശി രാജൻ എസ്, കരകുളം അയണിക്കാടു ലക്ഷ്മി ഭവനിൽ ബൈജു എസ് എന്നിവരും കേസിൽ പ്രതികളാണ്. രാജൻ സര്‍വീസില്‍നിന്നും കഴിഞ്ഞ വർഷം വിരമിച്ചിരുന്നു. ഇടനിലക്കാരനാണ് ബൈജു.

തിരുവനന്തപുരം പേരൂർക്കട വില്ലേജിൽ പി ഡബ്ലിയു ഡി റോഡിനു സമീപം സർക്കാർ പുറമ്പോക്കിൽനിന്ന പ്ലാവ് മരം മുറിച്ചു വിറ്റതിലൂടെ മുപ്പത്തയ്യായിരം രൂപയുടെ നഷ്ടമാണ് സർക്കാറിന് ഉണ്ടായത്. ഇതിനു പുറമെ പ്ലാവ് നിന്ന സ്ഥലം തന്‍റെ ഉടമസ്ഥതയിൽ ആണെന്ന രേഖയും സൂസന്നാമ്മ സംഘടിപ്പിച്ചു.

ഇടനിലക്കാരനായ ബൈജു കൈക്കൂലി നൽകിയാണ് രാജനെക്കൊണ്ട് കൃത്രിമരേഖ ചമച്ചു സ്ഥലവും പ്ലാവും സ്വന്തമാക്കിയതെന്നു വിജിലൻസിന്റെ എഫ് ഐ ആറിൽ പറയുന്നു. സർവ്വേയർ ആയിരുന്ന ലൈല തയ്യാറാക്കിയ യഥാർത്ഥ റിപ്പോർട്ട്‌ തിരുത്തി വ്യാജ റിപ്പോർട്ട്‌ നിർമിച്ചു വ്യാജ ഒപ്പിട്ടായിരുന്നു തിരിമറി. പ്ലാവ് മരം സർക്കാർ പുറമ്പോക്കിലാണെന്നായിരുന്നു ലൈലയുടെ റിപ്പോർട്ട്‌.

വിജിലൻസ് ദക്ഷിണ മേഖല പോലീസ് സൂപ്രണ്ട് ആർ. ജയശങ്കർ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.

2018മെയ്‌ മാസത്തിനും 2020 നവംബർ 28നും ഇടയ്ക്കാണ് വ്യാജ രേഖ ചമയ്ക്കപ്പെട്ടതെന്നു എഫ്ഐആറിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top