ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടവര്‍ കൈക്കൂലി വാങ്ങി ക്രമക്കേട് നടത്തുന്നു; രഹസ്യവിവരത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സിന്റെ വ്യാപക പരിശോധന
തിരുവനന്തപുരം : സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ ഓഫീസുകളില്‍ മിന്നല്‍ പരിശോധനയുമായി വിജലന്‍സ്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസുകളിലും തിരഞ്ഞെടുത്ത ഫുഡ്‌സേഫ്റ്റി സര്‍ക്കിള്‍ ഓഫീസുകളിലുമാണ് പരിശോധന. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി വ്യാപക ക്രമക്കേട് നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്ന് രാവിലെ 11 മണി മുതല്‍ പരിശോധന തുടങ്ങിയത്.
ഹോട്ടലുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍ക്കാരിന് ഫീസ് ഇനത്തില്‍ നഷ്ടമുണ്ടാക്കുന്നു, ചട്ടം പാലിക്കാതെ വീണ്ടും രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നു, ചെറുകിട ഹോട്ടലുകളിലെ ജീവനക്കാര്‍ക്കുള്ള സൗജന്യ പരിശീലന സര്‍ട്ടിഫിക്കറ്റ് വന്‍കിടക്കാര്‍ക്കും പണം വാങ്ങി നല്‍കുന്നു, പരിശോധനയ്ക്ക് അയക്കുന്ന സാമ്പിളുകളില്‍ തിരിമറി നടത്തുന്നു, പരിശോധന അട്ടിമറിക്കുന്നു, നിലവാരമില്ലെന്ന് കണ്ടെത്തിയ ഉത്പന്നങ്ങള്‍ മുഴുവന്‍ വിറ്റ് തീര്‍ക്കുന്നതിന് റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നു, ഫൈന്‍ ഈടാക്കണമെന്ന വ്യവസ്ഥ ലംഘിക്കുന്നു, ഹൈജീന്‍ ഹോട്ടല്‍ റേറ്റിംഗ് അട്ടിമറിക്കുന്നു, ടോള്‍ ഫ്രീ നമ്പറില്‍ ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കുന്നില്ല, തുടങ്ങിയ ഗുരുതരമായ പരാതികളാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്.
ഓപ്പറേഷന്‍ അപ്പറ്റൈറ്റ് എന്ന പേരിലാണ് പരിശോധന പുരോഗമിക്കുന്നത്. 14 ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസുകളിലും, തിരഞ്ഞെടുത്ത 52ഭക്ഷ്യ സുരക്ഷാ സര്‍ക്കിള്‍ ഓഫീസുകളിലും ഉള്‍പ്പെടെ 67 ഓഫീസുകളിലാണ് മിന്നല്‍ പരിശോധന നടക്കുന്നത്. കോട്ടയം ജില്ലയിലെ പിരശോധനകള്‍ക്ക് ഡിവൈഎസ്പിമാരായ വി.ആര്‍ രവികുമാര്‍, മനോജ് കുമാര്‍ പി.വി ഇന്‍സ്‌പെക്ടര്‍മാരായ പ്രതീപ് എസ്, മഹേഷ് പിള്ള, രമേശ് ജി, സജു എസ് ദാസ്, എസ്‌ഐമാരായ സ്റ്റാന്‍ലി തോമസ്, ജെയ്‌മോന്‍ വി.എം, അനില്‍ കുമാര്‍ ചങ്ങനാശ്ശേരി തഹസീല്‍ദാര്‍ നിജു കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here