വനംവകുപ്പില്‍ കൈക്കൂലിക്ക് ഗൂഗിൾപേ; 42000 വീതം അടിച്ചുമാറ്റുന്നത് തേക്കടിയിലെ ജീവനക്കാര്‍; ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍

തിരുവനന്തപുരം: വനംവകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വിജിലൻസ് നടത്തിയ റെയ്ഡുകളില്‍ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ‘ഓപ്പറേഷൻ ജംഗിൾ സഫാരി’ എന്ന പേരിലാണ് റെയ്ഡുകള്‍ നടത്തിയത്. വനം വികസന ഏജൻസികളിലും, ഇക്കോ വികസന കമ്മറ്റികളിലും, വനം സംരക്ഷണ സമിതികളിലുമാണ് പരിശോധന നടന്നത്. വിവിധ ഫീസിനത്തിൽ പിരിച്ചെടുക്കുന്ന തുകകള്‍ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് വെട്ടിപ്പ് നടത്തിയിരുന്നത്. വിനോദ സഞ്ചാരികളില്‍ നിന്നും പിരിക്കുന്ന തുകയില്‍ വെട്ടിപ്പ് നടത്തുകയും ബാങ്കില്‍ അടക്കേണ്ട തുക കൈവശം വെച്ച് പിന്നീട് അടക്കുന്നതായും കണ്ടെത്തി. ഇതിനെല്ലാം ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയും വ്യക്തമായി.

തേക്കടി പെരിയാർ ടൈഗർ പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവേശന ഫീസ് പിരിക്കുന്നവര്‍ സ്വന്തം അക്കൗണ്ടുകളിലേക്കാണ് ഗൂഗിൾ-പേ വഴി പാർക്കിംഗ് ഫീസ് പിരിച്ചെടുത്തത്. ബോട്ടിംഗ് ഫീസും, ഷോപ്പിൽ നിന്ന് വിൽക്കുന്ന സാധനങ്ങളുടെ വിലയും ഗൂഗിള്‍ പേ വഴി കൗണ്ടറിലുള്ള ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ അക്കൗണ്ടിൽ കഴിഞ്ഞ ആറുമാസത്തിനകം നിരവധി അസ്വഭാവിക ഇടപാടുകള്‍ കണ്ടെത്തി. തേക്കടി ബോട്ടിംഗ് കൗണ്ടറിലുള്ള ജീവനക്കാര്‍ക്ക് പ്രതിമാസം 40,000 രൂപയാണ് അനധികൃതമായി ലഭിക്കുന്നത്. ഈ ജീവനക്കാരും തേക്കടി ഹോട്ടൽ ടൂറിസം രംഗത്തുള്ളവരും തമ്മില്‍ നിരന്തരമായി ഗൂഗിൾ-പേ ഇടപാടുകൾ നടത്തിയിട്ടുണ്ട്.

ഇരവികുളം നാഷണൽ പാർക്കിലെ ഇക്കോ ഡവലപ്മെന്റ് ഷോപ്പുകളിൽ നിന്നും ബില്ലുകൾ നൽകാതെയാണ് വന ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയത്. ആതിരപ്പള്ളി വനശ്രീ കൗണ്ടറുകൾ വഴിയുള്ള വില്‍പനയിലും ഇതേ ക്രമക്കേട് കണ്ടെത്തി. പാലക്കാട് അനങ്ങാമല ഇക്കോ ഷോപ്പ് വഴിയുള്ള വന ഉൽപ്പന്നങ്ങളുടെ കണക്കുകളിൽ വൻ വ്യത്യാസമാണ് കണ്ടത്.

വയനാട് ബാണാസുരയില്‍ 2022-ൽ വന വിഭവങ്ങൾവില്‍പ്പന നടത്തിയതിലുള്ള 23,307 രൂപ വനം സംരക്ഷണ സമിതിയിൽ ഇതേവരെ അടച്ചിട്ടില്ല. തോൽപ്പട്ടി ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള വനസംരക്ഷണ സമിതിയില്‍ ഇന്നലെ ഒരു ദിവസത്തെ കണക്കുകൾ പരിശോധിച്ചതിൽ 13,910 രൂപയുടെ കുറവ് കണ്ടു.

തിരുവനന്തപുരം കല്ലാർ- മീൻമുട്ടിയിലും 35,500 രൂപയുടെ ക്രമക്കേട് കണ്ടുപിടിച്ചു. പത്തനംതിട്ട കോന്നി വനം വികസന ഏജൻസി ചെയർമാൻ സ്റ്റോർ പർച്ചേസ് മാന്വൽ പാലിക്കാതെ വാങ്ങിയത് 77,000 രൂപയുടെ ടാബാണ്. കോന്നി വനം വികസന ഏജൻസിയുടെ കീഴിലെ ഒട്ടുമിക്ക നിര്‍മാണ പ്രവർത്തികളും വനംവകുപ്പ് ജീവനക്കാരന്റെ ഭാര്യയുടെ നേതൃത്വത്തിലുള്ള സൊസൈറ്റിക്കാണ് നല്‍കിയിരിക്കുന്നത്. റാന്നി വനം വികസന ഏജൻസിയിൽ ചട്ടം മറികടന്ന് 9 ലക്ഷത്തിലധികം ചിലവഴിച്ച് പുതിയ ബൊലേറോ വാഹനം വാങ്ങിയതായും വിജിലൻസ് കണ്ടെത്തി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top