വിജിലൻസിനോട് കൈക്കൂലി വാങ്ങി പുലിവാല് പിടിച്ച് കുമളി ചെക്പോസ്റ്റ് ഉദ്യോഗസ്ഥർ; അയ്യപ്പഭക്തരെ പിഴിയുന്നത് കയ്യോടെ പിടികൂടി

തിരുവനന്തപുരം: ഇതര സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞ മോട്ടോർ വാഹന വകുപ്പിന് പണി കിട്ടി. അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയത് വിജിലൻസ് ആണെന്ന് മനസിലാക്കാതെ ഇവരില്‍ നിന്നും തലയെണ്ണി കുമളി മോട്ടോർ വാഹന വകുപ്പ് വാങ്ങിയത് ആയിരം രൂപ. വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും വാങ്ങിയ 1000 കൂടാതെ ചെക്ക് പോസ്റ്റിലെ പഴയ പ്രിൻറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 8000 രൂപയും കണ്ടെത്തി.
അതിർത്തി കടന്ന് എത്തുന്ന വാഹനങ്ങളുടെ പെർമിറ്റ് വെരിഫിക്കേഷന്റെ പേരിലാണ് അനധികൃത പണപ്പിരിവ്. ചെക്ക് പോസ്റ്റിൽ ലഭിക്കുന്ന പണം കൃത്യമായ ഇടവേളകളിൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്നതായാണ് വിവരം.
ശബരിമല തിരക്ക് തുടങ്ങിയതോടെ ഇതര സംസ്ഥാനത്തു നിന്നും വരുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളിൽ നിന്നും അനധികൃത പണപ്പിരിവ് നടത്തുന്നുവെന്ന് വിജിലൻസ് എസ്.പി വി. ജി.വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി ഇടുക്കി വിജിലൻസ് യൂണിറ്റ് ഡി വൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here