ഓപ്പറേഷന്‍ കൺവേർഷൻ; റവന്യൂ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; ഡേറ്റ ബാങ്കില്‍ ഭൂമി ഇനം മാറ്റുന്നതില്‍ ക്രമക്കേടെന്ന് വ്യാപക പരാതി
തിരുവനന്തപുരം : ഡേറ്റ ബാങ്കില്‍ ഭൂമി ഇനം മാറ്റുന്നതില്‍ വ്യാപക ക്രമക്കേടെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാനത്തെ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതും 2008-ലെ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ളതുമായ ഭൂമി ഡേറ്റാ ബാങ്കില്‍ നിന് ഒഴിവാക്കുന്നതിലാണ് ക്രമക്കേടെന്ന് പരാതി. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരെയും കൃഷി വകുപ്പ് ഉദ്ദ്യോഗസ്ഥരെയും സ്വാധീനിച്ച് ക്രമക്കേട് നടത്തുന്നതായാണ് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരം. എല്ലാ റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും വിജിലന്‍സ് പരിശോധന നടക്കുകയാണ്.
50 സെന്റില്‍ കൂടുതലുള്ള വസ്തുവില്‍ 10 ശതമാനം ഭൂമി ജല സംഭരണത്തിനായി മാറ്റി വയ്ക്കണമെന്നും 2017-ന് ശേഷം രജിസ്റ്റര്‍ ചെയ്തവ തരംമാറ്റത്തിന് പരിഗണിക്കരുതെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഇത് വ്യാപകമായി അട്ടിമറിക്കുന്നതായാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ലോക്കല്‍ ലവല്‍ മോണിറ്ററിംഗ് കമ്മിറ്റി ആവശ്യമായ പരിശോധനകള്‍ നടത്തുന്നില്ല. കൂടാതെ 25 സെന്റില്‍ താഴെയുള്ള വസ്തുവിന്റെ ഭൂമി തരം മാറ്റം സൗജന്യമാണ്. അതിനാല്‍ ചില സ്ഥലങ്ങളില്‍ വസ്തു 25 സെന്റിന് താഴെയാക്കി പ്രമാണം ചെയ്ത ശേഷം ഭൂമി തരം മാറ്റത്തിനായി അപേക്ഷ നല്‍കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
വ്യാപകമായി പരാതി ലഭിച്ചതോടെയാണ് മിന്നല്‍ പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ടികെ വിനോദ് കുമാര്‍ ഉത്തരവിട്ടത്. ഇത്തരത്തിലുളള പരാതികളുണ്ടെങ്കില്‍ പൊതുജനങ്ങള്‍ വിജലന്‍സിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here