പട്ടിക വര്‍ഗ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്, കണ്ടെത്തിയത് വ്യാപക ക്രമക്കേട്; ഉന്നത വിജയിക്കുള്ള സ്വര്‍ണ്ണ മെഡല്‍ നല്‍കാതെ വിതരണം ചെയ്തതായി രേഖപ്പെടുത്തി

തിരുവനന്തപുരം : സംസ്ഥാനത്തെ പട്ടിക വര്‍ഗ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. ഓപ്പറേഷന്‍ വനജ് എന്ന് പേരില്‍ ഇന്നലെ മുതലാണ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചത്. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റിലും 7 പ്രോജക്ട് ഓഫീസുകളിലും 11 വികസന ഓഫീസുകളിലും 14 എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകളിലുമാണ് പരിശോധന നടന്നത്.

പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പല പദ്ധതികളുടെ നടത്തിപ്പിലും ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തി. പട്ടിക ജാതി വിഭാഗത്തിലെ ഗര്‍ഭിണികള്‍ക്ക് 18 മാസം വരെ 2000 രൂപ നല്‍കുന്ന ജനനിജന്മരക്ഷ പദ്ധതിയില്‍ ആലപ്പുഴ, കൊല്ലം ജില്ലയില്‍ പണം വിതരണം ചെയ്തതില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. കണ്ണൂര്‍ ഇരിട്ടിയില്‍ ഈ പദ്ധതിയില്‍ അനുവദിച്ച 36000 രൂപ ചിലവഴിക്കാതെ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാലക്കാട് ഈ പദ്ധതിയിലെ മൂന്ന് വര്‍ഷം മുമ്പ് ലഭിച്ച അപേക്ഷ പോലും ഇതുവരെ പരിഗണിച്ചിട്ടില്ല. പട്ടിക ജാതിയില്‍പ്പെട്ട പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണം ചെയ്യാതെ റാന്നി പട്ടിക വര്‍ഗ വികസന ഓഫീസില്‍ സൂക്ഷിച്ചു. കുട്ടികള്‍ക്കുള്ള ധനസഹായ പദ്ധതിയായ കൈത്താങ്ങ് പദ്ധതിയിലൂടെ റാന്നി പട്ടിക വര്‍ഗ വികസന ഓഫീസില്‍ മതിയായ പരിശോധന കൂടാതെ പണം അനുവദിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പട്ടിക വര്‍ഗ വികസന പ്രൊജക്റ്റ് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ രണ്ടര കോടി ചിലവഴിച്ച നിര്‍മിച്ച കുടിവെള്ള പദ്ധതിയില്‍ ഒരാള്‍ക്ക് പോലും ഉപകാരം ലഭിച്ചില്ലെന്നും വിജിലന്‍സ് കണ്ടെത്തി.

ഡയറക്ടറേറ്റില്‍ നടത്തിയ പരിശോധനയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക്കുള്ള സ്വര്‍ണ്ണമെഡല്‍ വിതരണം ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടരന്വേഷണത്തില്‍ വിതരണം ചെയ്തിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഇത്തരത്തില്‍ നിരവധി ക്രമക്കേടുകളാണ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top