എക്സൈസ് ഓഫീസുകളിൽ വ്യാപക ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ്

തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ റെയ്‌ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഓണക്കാലത്തെ പരിശോധ ഒഴിവാക്കാനായി കള്ള്ഷാപ്പ്, ബാർ ഉടമകളിൽ നിന്ന് വൻ തോതിൽ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. ഓപ്പറേഷൻ കോക്ക്ടെയിൽ എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
75 ലധികം എക്‌സൈസ് ഓഫീസുകളിലാണ് മിന്നൽ പരിശോധന നടന്നത്. സംസ്ഥാനത്തെ കള്ള് ഷോപ്പുകളിലും, ബാറുകളിലും, നിശ്ചിത ഇടവേളകളിൽ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്ന ഉത്തരവിന് വിരുദ്ധമായി ഉദ്യോഗസ്ഥന്മാർ പ്രവർത്തിക്കുന്നതും കണ്ടെത്തി. പ്രധാനപ്പെട്ട റേഞ്ച് ഓഫീസുകളിലും സമാനമായ സ്ഥിതിയാണെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.
മിന്നൽ പരിശോധനയിൽ കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ഡ്രൈവറുടെ ഗൂഗിൾ പേ വഴി കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നാല് തവണകളിലായി ഒരുലക്ഷത്തിപതിനയ്യായിരം രൂപ വന്നതിനെപ്പറ്റി വിശദമായ അന്വേഷണം നടത്തുന്നതാണെന്ന് വിജിലൻസ് അറിയിച്ചു.
ബെവ്കോ ഗോഡൗണുകളിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ബാറുകളിൽ മദ്യം ഇറക്കാവൂ എന്ന ഉത്തരവ് സംസ്ഥാനത്തെ ചില എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാർ നടപ്പിലാക്കുന്നില്ല എന്നും വിജിലൻസ് കണ്ടെത്തി. പരിശോധന നടത്തിയ ചേർത്തല എക്സൈസ് സർക്കിൾ ഓഫീസ്, പാലക്കാട് ജില്ലയിലെ ചിറ്റൂൂർ എക്സൈസ് റേഞ്ച് ഓഫീസ്, പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസ്, തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസ്, എന്നീ ഓഫീസുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ചില ബാറുകളിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ല ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം ഇറക്കുന്നതെന്നും വിജിലൻസ് കണ്ടെത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here