ഹൃദയഭേദകമെന്ന് വിജയ് സേതുപതി; രാഷ്ട്രീയ അജണ്ടകളുടെ പേരില്‍ ‘സൂപ്പര്‍ ഡീലക്‌സി’നെ തഴഞ്ഞുവെന്ന് ആദ്യ പ്രതികരണം

വിജയ് സേതുപതി, ഫഹദ് ഫാസില്‍, സാമന്ത റൂത്ത് പ്രഭു, രമ്യാ കൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘സൂപ്പര്‍ ഡീലക്സ്’ ആഖ്യാനരീതികൊണ്ട് ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു. 2019 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ആകും ‘സൂപ്പര്‍ ഡീലക്‌സ്’ എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പകരം രണ്‍വീര്‍ സിങ് അഭിനയിച്ച ‘ഗള്ളി ബോയ്’ എന്ന ചിത്രത്തിനാണ് ബഹുമതി ലഭിച്ചത്. ചില രാഷ്ട്രീയ അജണ്ടകളുടെ പേരില്‍ ‘സൂപ്പര്‍ ഡീലക്‌സി’നെ തഴഞ്ഞതില്‍ നാലു വർഷത്തിനിപ്പുറം തന്റെ നിരാശ പരസ്യമാക്കുകയാണ് നടന്‍ വിജയ് സേതുപതി.

ചിത്രം ഓസ്‌കറിലേക്ക് എത്താത്തതില്‍ നിരാശ പ്രകടിപ്പിച്ച ആരാധകന് നല്‍കിയ മറുപടിയിലാണ്, സംഭവം തന്റെയും ഹൃദയം തകര്‍ത്തു എന്ന സത്യം സേതുപതി വെളിപ്പെടുത്തിയത്. “ഞങ്ങള്‍ക്കും അത് ഹൃദയഭേദകമായിരുന്നു. രാഷ്ട്രീയമായി എന്തോ സംഭവിച്ചു. ഞാന്‍ സിനിമയില്‍ അഭിനയിച്ചതുകൊണ്ടല്ല. ഞാന്‍ അഭിനയിച്ചില്ലായിരുന്നെങ്കില്‍ കൂടിയും ആ സിനിമ ഓസ്‌കര്‍ വേദിയില്‍ എത്തണം എന്ന് ഞാന്‍ ആഗ്രഹിച്ചേനെ. അതിനിടയില്‍ എന്തോ സംഭവിച്ചു. അതേക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അനാവശ്യമാണത്.”

‘ആരണ്യകാണ്ഡ’ത്തിനു ശേഷം ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രമാണ് ‘സൂപ്പര്‍ ഡീലക്‌സ്’. നാല് ചിന്തകള്‍ മുന്നോട്ടു വയ്ക്കുന്ന നാല് കഥകള്‍ അടങ്ങിയ ചിത്രത്തിലെ വിജയ് സേതുപതി അവതരിപ്പിച്ച ശില്‍പ്പ എന്ന കഥാപാത്രം, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ട്രാന്‍സ് വുമണ്‍ കഥാപാത്രങ്ങളിലൊന്നായിരുന്നു. ‘സൂപ്പര്‍ ഡീലക്സി’ന്റെ സ്‌ക്രിപ്റ്റ് കേട്ടതിന് ശേഷം ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ ആ ഭാഗം ചെയ്യാന്‍ താന്‍ സമ്മതിച്ചുവെന്ന് സേതുപതി മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top