ബോളിവുഡില്‍ ബോഡിഷെയിം ചെയ്യപ്പെട്ടെന്ന് വിജയ് സേതുപതി; ‘പാർട്ടികൾക്ക് പോയിരുന്നില്ല’
തമിഴ് സിനിമാ ലോകത്ത് നായകനായും പ്രതിനായകനായും അരങ്ങുവാഴുന്ന മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി പതിയെ ബോളിവുഡിലും കാലുറപ്പിക്കുകയാണ്. ‘ജവാന്‍’, ‘ഫര്‍സി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം തന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ‘മെറി ക്രിസ്മസി’ന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് താരം. ‘മെറി ക്രിസ്മസി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍, തമിഴ് സിനിമാലോകത്തും ബോളിവുഡിലും താന്‍ ബോഡിഷെയ്മിങ് നേരിട്ടിട്ടുണ്ട് എന്ന് വെളിപ്പെടുത്തുകയാണ് വിജയ് സേതുപതി.
“പലതവണ ബോഡിഷെയ്മിങ് നേരിട്ടിട്ടുള്ളയാളാണ് ഞാന്‍. അന്ന് അങ്ങനെ സംഭവിച്ചു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ എന്നെ ഞാനായി അംഗീകരിച്ചു തുടങ്ങി. ഇന്ന് ഞാന്‍ എവിടെ പോയാലും എനിക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട്. അതൊരു അനുഗ്രഹമാണ്.”
പണ്ടെല്ലാം പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ സാധാരണ ചെരുപ്പ് ധരിച്ചു പോകുന്ന ശീലമുണ്ടായിരുന്നു തനിക്കെന്നും, എന്നാല്‍ ഇപ്പോള്‍ വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ബോധവാനാണെന്നും സേതുപതി പറഞ്ഞു.
“ചിലപ്പോള്‍ ആളുകള്‍ പറയും ഞാന്‍ കാണിക്കാന്‍ വേണ്ടി ചെയ്യുകയാണെന്ന്. മറ്റുചിലര്‍ പറയും ഞാന്‍ വളരെ സിമ്പിള്‍ ആണെന്ന്. ചപ്പല്‍ ധരിക്കുന്നു എന്നു കരുതി എങ്ങനെയാണ് സിമ്പിള്‍ ആകുക? ഞാന്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ എല്ലാവരും നല്ല വേഷം ധരിച്ചാണ് എത്താറുള്ളത്. അതിനാല്‍ അത്തരം പരിപാടികള്‍ക്ക് ഞാന്‍ പോയിരുന്നില്ല.”
ആരാധകരുടെ സ്‌നേഹം സത്യസന്ധമാണെന്നും അതൊരു എനര്‍ജി ഡ്രിങ്ക് പോലെയാണെന്നും അഭിനേതാക്കള്‍ എന്ന നിലയില്‍ ആ സ്‌നേഹം ആവശ്യമാണെന്നും സേതുപതി പറഞ്ഞു. താന്‍ മുംബൈയില്‍ എത്തിയ കാലത്ത് വളരെ കുറച്ചുപേര്‍ക്കേ തന്നെ അറിയാമായിരുന്നുള്ളൂ എന്നും, എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ പേര്‍ക്ക് അറിയാം, അവര്‍ അടുത്തുവന്ന് സംസാരിക്കാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here