മറ്റൊരാളുമായി വിജയലക്ഷമി ഫോണില്‍ സംസാരിച്ചത് പ്രകോപനമായി; കാമുകിയുടെ ജീവന്‍ എടുത്തത് സംശയം
കരുനാഗപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്മിയെ കാമുകനായ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത് സംശയം മൂലം. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിന്റെ പേരില്‍ ഇരുവരും നിരന്തരം വഴക്കിട്ടിരുന്നു. ജയചന്ദ്രന്റെ മുന്നില്‍ വച്ച് മറ്റൊരാളുമായി ഫോണില്‍ സംസാരിച്ചതോടെയാണ് വലിയ തര്‍ക്കവും അത് കൊലപാതകത്തിലും എത്തി നിന്നത്.
ഈ മാസം ആറാം തീയതിയാണ് പ്രതിയായ ജയചന്ദ്രന്റെ അമ്പലപ്പുഴ കരൂരിലെ വീട്ടില്‍ കൊലപാതകം നടന്നത്. ജയചന്ദ്രന്റെ ഭാര്യയും മകനും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. സമീപത്തെ വീടുകളില്‍ ജോലിക്ക് പോകുന്ന ഭാര്യ മകനെ സ്വന്തം വീട്ടില്‍ നിര്‍ത്തിയ ശേഷമാണ് പോകുന്നത്. ആരുമില്ലാത്ത ഈ സമയത്താണ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടില്‍ എത്തിച്ചത്. ഇതിനിടെ ഇരുവരും തമ്മില്‍ മറ്റൊരു ബന്ധത്തിന്റെ പേരില്‍ തര്‍ക്കമായി. വിജയലക്ഷ്മിക്ക് ഒരു ഫോണ്‍ കൂടി വന്നതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ പിടിച്ചു തള്ളിയപ്പോള്‍ കട്ടിലില്‍ തലയിടിച്ച് വീണ് മരണം സംഭവിച്ചു എന്നാണ് പോലീസിനോട് പ്രതി പറഞ്ഞിരിക്കുന്നത്.
കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടില്‍ തന്നെ ഒളിപ്പിക്കുകയായിരുന്നു. രാത്രിയാണ് കുഴിച്ചിട്ടതെന്നാണ് പോലീസിനോട് പ്രതി പറഞ്ഞിരിക്കുന്നത്. അഞ്ച് വീടുകള്‍ക്ക് സമീപമാണ് ഈ പറമ്പ്. ഇവിടെ എന്തു ചെയ്താലും വേഗത്തില്‍ അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെടും. എന്നാല്‍ ആരും രാത്രിയില്‍ ഇത്തരമൊരു സംഭവം ശ്രദ്ധിയില്‍പ്പെട്ടതായി പോലീസിനെ അറിയിച്ചിട്ടില്ല. ഈ പ്ലോട്ടില്‍ വീട് നിര്‍മ്മാണം തുടങ്ങാനായി കല്ലിട്ടിരുന്നു. വീട് വരുമ്പോള്‍ മൃതദേഹം അടിയിലാകും എന്നാണ് പ്രതി കരുതിയിരുന്നത്.
ലൊക്കേഷന്‍ നോക്കി പിടിക്കപ്പെടാതിരിക്കാനാണ് മൊബൈല്‍ ഫോണ്‍ കണ്ണൂര്‍ ബസില്‍ ഉപേക്ഷിച്ചത്. എന്നാല്‍ ഇതാണ് നിര്‍ണ്ണായകമായതും. ജയചന്ദ്രനും ജയലക്ഷ്മിയും തമ്മില്‍ രണ്ടുവര്‍ഷമായി ബന്ധമുണ്ട്. ജയചന്ദ്രന്‍ ജോലി ചെയ്തിരുന്ന ഹാര്‍ബറില്‍ മീന്‍ വാങ്ങാന്‍ വിജയലക്ഷ്മി എത്തിയാണ് പരിചമുണ്ടായത്. ഇരുവരും തമ്മില്‍ പണമിടപാടും നടത്തിയിരുന്നു. വാഹനങ്ങള്‍ സംബന്ധിച്ചും തര്‍ക്കമുണ്ടായിരുന്നതായാണ് പോലീസിന് സഹോദരി നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here