വിജയശാന്തി അഞ്ചാം വട്ടം കാലുമാറി; ഇനിമുതൽ കോൺഗ്രസിൽ

സിനിമയിലും രാഷ്ട്രീയത്തിലും ആക്ഷൻ ക്വീനായി വിജയശാന്തി. 15 വർഷത്തിനിടയിൽ ഇത് അഞ്ചാം തവണയാണ് വിജയശാന്തി രാഷ്ട്രീയത്തിൽ കൂറുമാറുന്നത്. ബിജെപിയിൽ നിന്ന് രാജി വെച്ച് വീണ്ടും വിജയശാന്തി കോൺഗ്രസിൽ ചേർന്നു. വെള്ളിയാഴ്ച എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലാണ് കോൺഗ്രസിൽ ചേർന്നത്. തിരഞ്ഞെടുത്ത മണ്ഡലങ്ങളിൽ വിജയശാന്തി കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. 2009ൽ വിജയശാന്തി പ്രതിനിധീകരിച്ച മേഡക് പാർലമെന്റ് സീറ്റാണ് അവർ പ്രതീക്ഷിക്കുന്നത്. സീറ്റും പദവികളും ലഭിക്കാതിരുന്നതിനാലാണ് വിജയശാന്തി ബിജെപിയിൽ നിന്ന് രാജിവച്ചത്.

ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നടിയാണ് വിജയശാന്തി. ഗ്ലാമർ വേഷങ്ങളിലൂടെ തീയേറ്ററുകള്‍ ഇളക്കി മറിച്ച താരം. തെലുങ്കിലും തമിഴിലുമെല്ലാം നിറഞ്ഞു നിന്ന വിജയശാന്തിയ്ക്ക് കേരളത്തിലും വലിയ ആരാധകരുണ്ട്. പോലീസ് വേഷത്തില്‍ വിജയശാന്തിയോളം കയ്യടി നേടിയ മറ്റൊരു നായികയുണ്ടാകില്ല.

1980-ൽ പ്രമുഖ സംവിധായകൻ ഭാരതിരാജയെ നായകനാക്കി പി.എസ്. നിവാസ് സംവിധാനം ചെയ്‌ത തമിഴ് ചിത്രം കല്ലുക്കുൾ ഈറം എന്ന ചിത്രത്തിലാണ് വിജയശാന്തി തന്റെ 14-ാം വയസ്സിൽ അഭിനയ ജീവിതം ആരംഭിച്ചത്. അതേ വർഷം, വിജയ നിർമല സംവിധാനം ചെയ്ത കൃഷ്ണയ്‌ക്കൊപ്പം കിലാഡി കൃഷ്ണുഡു എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ശാന്തി എന്നായിരുന്നു യഥാർത്ഥപേര്. പിന്നീട് സിനിമയിലെത്തിയപ്പോൾ വിജയശാന്തിയായി. തുടക്കത്തിൽ നെഗറ്റീവ്, ഗ്ലാമർ റോളുകൾ മാത്രമായിരുന്നു. 1990 -ൽ പുറത്തിറങ്ങിയ വൈജയന്തി ഐപിഎസ് എന്ന ചിത്രത്തിന്റെ വിജയം വിജയശാന്തിയുടെ ജീവിതം മാറ്റി. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നടിയാണ് വിജയശാന്തി.
2006 ല്‍ പുറത്തിറങ്ങിയ നായുദമ്മ കഴിഞ്ഞ് നീണ്ട പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2020 ല്‍ പുറത്തിറങ്ങ ഇയ സരിലേരു നീകേവ്വരു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവന്നിരുന്നു.

കെ തങ്കപ്പൻ സംവിധാനം ചെയ്ത ‘ലൂർദ് മാതാവ്’ എന്ന സിനിമയിലൂടെയാണ് വിജയശാന്തി മലയാളത്തിൽ എത്തുന്നത്. പിന്നീട് സുരേഷ് ഗോപി നായകനായ ‘കല്ലുകൊണ്ടൊരു പെണ്ണ്’, ‘യുവ തുർക്കി’ എന്നീ സിനിമകളിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 40 വർഷത്തെ സിനിമ ജീവിതത്തിൽ ഹിന്ദി, കന്നട, മലയാളം, സിനിമൾക്ക് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലായി 187 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

വിജയശാന്തി രാഷ്ട്രീയത്തിലേക്ക് വരുന്നത് 1998 -ൽ ബിജെപിയിലൂടെയാണ്. ആന്ധ്ര പ്രദേശ് മഹിളാ മോർച്ചാ അദ്ധ്യക്ഷയായാണ് തുടക്കം. 2009 -ൽ ടളളി തെലങ്കാന എന്ന സ്വന്തം പാർട്ടി ഉണ്ടാക്കി. അത് പിന്നീട് ടിആർഎസിൽ ലയിക്കുന്നു. 2009 -ൽ ടിആർഎസ് ടിക്കറ്റിൽ മേഡക്കിൽ നിന്ന് ലോക്സഭയിലേക്കെത്തി. 2011 -ൽ നടന്ന തെലങ്കാന പ്രക്ഷോഭത്തോട ഐക്യദാർഢ്യം പ്രകടിപ്പിച്ചു എംപി സ്ഥാനം രാജിവെച്ച് കെസിആറിനൊപ്പം ചേർന്നു. 2014 -ൽ കെസിആറുമായി തെറ്റി പിരിഞ്ഞ് വിജയശാന്തി കോൺഗ്രസിൽ ചേർന്നു. അക്കൊല്ലം തന്നെ കോൺഗ്രസ് ടിക്കറ്റിൽ മേഡക് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2018 -ൽ രാഹുൽ ഗാന്ധി വിജയശാന്തിയെ സ്റ്റാർ കാംപെയ്‌നർ ആയി നിയോഗിച്ചതോടെ വീണ്ടും പാർട്ടിയുടെ താര പ്രചാരകയായി മാറി. 2019 -ൽ നരേന്ദ്ര മോദിയെ ഭീകരവാദി എന്ന് വിശേഷിപ്പിച്ച് പുലിവാല് പിടിച്ച വിജയശാന്തി ഒരു കൊല്ലത്തിനുള്ളിൽ ബിജെപിയിൽ ചേരാനും ഒട്ടും മടി കാണിച്ചില്ല. കഴിഞ്ഞ കുറച്ചു കാലമായി ബിജെപി നേതൃത്വവുമായി അത്ര രസത്തിലായിരുന്നില്ല വിജയശാന്തി. ഇതിനിടയിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇറങ്ങിപ്പോയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മൂന്നു വർഷത്തോളം ബിജെപിയിൽ ചിലവിട്ട ശേഷം, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വീണ്ടും കോൺഗ്രസിൽ എത്തിയിരിക്കുന്നതും ലോക്സഭാ സീറ്റ് പ്രതീക്ഷിച്ചു തന്നെയാണെന്നാണ് വിവരം.

തൻ്റെ താരമൂല്യം ഉപയോഗിച്ച് പുതിയ സ്ഥാനങ്ങൾ നേടുക എന്നതിനപ്പുറം എന്തെങ്കിലും ആദർശമോ, പ്രതിബദ്ധതയോ വിജയശാന്തിക്കുണ്ടെന്ന് ആരും പറയാറുമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top