അഴിമതിയില്‍ കുടുങ്ങി 60 ഉദ്യോഗസ്ഥര്‍; വിജിലന്‍സിന് സര്‍വകാല റെക്കോര്‍ഡ്; തദ്ദേശ, റവന്യൂ വകുപ്പുകൾ മുന്നിൽ

തിരുവനന്തപുരം: അഴിമതി കയ്യോടെ പിടികൂടുന്ന ‘ട്രാപ്പ് കേസുകളിൽ’ വിജിലൻസിന് എക്കാലത്തെയും വലിയ നേട്ടം. 55 കേസുകളിലായി 60 സർക്കാർ ഉദ്യോഗസ്ഥരാണ് 2023ൽ അറസ്റ്റിലായത്. അഴിമതിയുടെ വേരുകള്‍ തേടി 1910 മിന്നല്‍ പരിശോധനകളാണ് നടത്തിയതെന്നും വിജിലൻസ് വ്യക്തമാക്കുന്നു. അതേസമയം സർക്കാർ വകുപ്പുകളിലെ അഴിമതിയുടെ ആഴവും ഇതിലൂടെ വെളിവാകുന്നുണ്ട്. ഉദ്യോഗസ്ഥരിൽ നിന്ന് ഒരു കാരണവശാലും നീതി കിട്ടില്ലെന്ന് ഉറപ്പാകുമ്പോൾ മാത്രമാണ് പൊതുജനം വിജിലൻസിനെ സമീപിക്കുക എന്നതാണ് വസ്തുത. അത് പരിഗണിക്കുമ്പോൾ പുറത്തുവരുന്ന കേസുകളുടെ എണ്ണം മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് വ്യക്തമാകും.
തദ്ദേശസ്വയംഭരണ വകുപ്പ്-15, റവന്യൂവകുപ്പ് -14, ആരോഗ്യവകുപ്പ്- 5, ആഭ്യന്തരവകുപ്പ്-4, കൃഷി, രജിസ്ട്രേഷൻ, സർവേ, മോട്ടോർ വാഹന വകുപ്പുകളില്‍ രണ്ട് വീതം, ടൂറിസം, വനം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, എക്സൈസ്, വൈദ്യുതി, പട്ടികജാതി വികസനം, കെഎസ്ആർടിസി, വിദ്യാഭ്യാസം, സിവില്‍സപ്ലൈസ് വകുപ്പുകളില്‍ നിന്നും ഓരോന്ന് വീതവുമാണ് ട്രാപ്പ് കേസുകള്‍ പിടികൂടിയത്. ഒരേ സമയം 17 മിന്നൽ പരിശോധനകളാണ് സംസ്ഥാന വ്യാപകമായി നടത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അപേക്ഷിച്ച് ക്രമാതീതമായ വര്‍ധനയാണ് വിജിലന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പരാതികളുടെ കാര്യത്തിൽ വന്നത്. 2018ല്‍ വെറും 16 കേസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇക്കുറി 55 ആയി വര്‍ധിച്ചു. വിജിലൻസ് മിന്നൽ പരിശോധനകളുടെ എണ്ണത്തിലും റെക്കോർഡിട്ടു. ഒരു ദിവസം ശരാശരി 5.23 എന്ന കണക്കിൽ പരിശോധനകള്‍ നടന്നു. ട്രാപ് കേസുകളില്‍ 9 എണ്ണം തെക്കന്‍ മേഖലയില്‍ നിന്നും, 18 കേസുകള്‍ വടക്കന്‍ മേഖലയില്‍ നിന്നും, 9 കേസുകള്‍ കിഴക്കന്‍ മേഖലയില്‍ നിന്നും, 19 ട്രാപ് കേസുകള്‍ മധ്യ മേഖലയില്‍ നിന്നുമാണ് പിടികൂടിയത് എന്നും വിജിലന്‍സ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here