തങ്കലാനിൽ വിക്രം സംസാരിക്കില്ലേ? വിശദീകരണവുമായി താരത്തിൻ്റെ മാനേജർ

ചിയാൻ വിക്രമിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് തങ്കലാൻ. പാ രഞ്ജിത്താണ് സംവിധാനം. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ടീസറിൽ വിക്രമിന് സംഭാഷണങ്ങൾ ഉണ്ടായിരുന്നില്ല. ചിത്രത്തിലും താരത്തിന് സംഭാഷണം ഇല്ലേ എന്ന സംശയത്തിലായിരുന്നു ആരാധകർ. അതിനിടെയാണ് തെലുങ്കാനയിൽ ടീസർ പ്രദർശന വേദിയിൽ വെച്ച് ഡയലോഗുകൾ ഇല്ലെന്ന് ചിയാൻ പറഞ്ഞതും. ഇത് ആരാധകരിൽ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കി.
എന്നാൽ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വിക്രത്തിന്റെ മാനേജർ സൂര്യനാരായണൻ. എക്സ്സിലൂടെ (ട്വിറ്റർ) കുറിപ്പ് പങ്കുവെച്ചാണ് സൂര്യ നാരായണൻ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

‘തങ്കലാനിൽ ചിയാൻ സാറിന് ഡയലോഗ് ഇല്ല എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആശയക്കുഴപ്പം ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിൽ വ്യക്തത വരുത്തുന്നു- തങ്കാലാനിൽ ലൈവ് സിങ്ക് സൗണ്ടാണ് നൽകിയിരിക്കുന്നത്. സിനിമയിൽ വിക്രം സാറിന് ഡയലോഗുകൾ ഉണ്ട്. ഒരു റിപ്പോർട്ടർ വിക്രം സാറിനോട് സിനിമയിൽ ഡയലോഗുണ്ടോ എന്ന് ചോദിച്ചപ്പോൾ, ടീസറിൽ തനിക്ക് ഡയലോഗില്ല എന്ന് വിക്രം സർ തമാശയായി പറഞ്ഞതാണ്. ഇങ്ങനെയാണ് സൂര്യനാരായണൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് എന്നും വിക്രമിനെ വേറിട്ടുനിർത്തിയിട്ടുള്ളത്. അത്തരത്തിൽ ഏറെ പുതുമയുള്ള കഥാപാത്രമാണ് തങ്കലാനിൽ വിക്രം അവതരിപ്പിക്കുന്നത്. കോലാർ സ്വർണ ഖനിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണിത്. കോലാർ സ്വർണ ഖനിയുടെ തുടക്കകാലത്ത് നടന്ന സംഘർഷഭരിതമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് ടീസറും പോസ്റ്ററുകളും നൽകുന്ന സൂചന. പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാർ. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
‘നച്ചത്തിരം നഗർകിറത്’ എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2024 ജനുവരി 26-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാൻ തിയേറ്ററുകളിലെത്തും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here