കാൽ മുറിച്ചുമാറ്റാൻ ഡോക്ടർമാർ നിർദേശിച്ചെന്ന് വിക്രം; ‘ജീവിതം 3 വർഷം ആശുപത്രി കിടക്കയിൽ’
ജീവിതം മാറ്റിമറിച്ച അപകടത്തെക്കുറിച്ചുള്ള നടൻ വിക്രമിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. പുതിയ ചിത്രമായ തങ്കലാന്റെ പ്രൊമോഷൻ പരിപാടിയിലാണ് തനിക്ക് സംഭവിച്ച വലിയൊരു അപകടത്തെക്കുറിച്ച് നടൻ പറഞ്ഞത്. കോളേജിൽ പഠിക്കുന്ന കാലമായിരുന്നു. അന്നൊരു നാടകത്തിൽ നായകനായി അഭിനയിക്കാൻ അവസരം കിട്ടി. അതിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡും കിട്ടി. അന്നു തന്നെയാണ് അപ്രതീക്ഷിതമായ അപകടം സംഭവിച്ചതെന്ന് വിക്രം പറഞ്ഞു.
അപകടത്തിൽ കാലിന്റെ മുട്ടുമുതൽ കണങ്കാൽവരെ തകർന്നു. കാൽ മുറിച്ചു മാറ്റാനാണ് ഡോക്ടർമാർ ആദ്യം നിർദേശിച്ചത്. മൂന്ന് വര്‍ഷം ആശുപത്രി കിടക്കയിലായിരുന്നു. 23 സര്‍ജറികളാണ് കാലിന് നടത്തിയത്. മുറിച്ചു മാറ്റാതെ കാല്‍ തിരിച്ചുകിട്ടി. അതിന് ശേഷം ഒരു വര്‍ഷം സ്ട്രച്ച് വച്ചായിരുന്നു നടന്നതെന്ന് വിക്രം വ്യക്തമാക്കി.
എന്റെ മകന്‍ ഇനി എന്നാണ് നടന്ന് തുടങ്ങുന്നതെന്ന് അമ്മ ഡോക്ടറോട് ചോദിച്ചു. ‘ഇല്ല, അവന്‍ ഇനി നടക്കുകയേയില്ല. മുറിച്ചു മാറ്റാന്‍ പറഞ്ഞ കാല്‍ സുരക്ഷിതമായില്ലേ, നടക്കുന്ന കാര്യം ചിന്തിക്കുകയേ വേണ്ട’ എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. പക്ഷേ, സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം മനസിൽ ശക്തമായിരുന്നു. ഞാന്‍ നടക്കും എന്ന വാശി ഉള്ളിലുണ്ടായിരുന്നു. വലിയ റോളുകള്‍ ഒന്നും വേണ്ട, ചെറിയ റോള്‍, ഒരു സീനില്‍ എങ്കിലും അഭിനയിച്ചാല്‍ മതി എന്നായിരുന്നു മോഹം.
ശരിയായി നടക്കാൻ കഴിയാത്ത ഞാൻ സിനിമയിൽ അഭിനയിക്കണമെന്ന് മോഹം പറഞ്ഞപ്പോൾ പലരും കളിയാക്കി. രണ്ട് വടിയും കുത്തിപ്പിടിച്ച് നടന്നിരുന്ന ഞാന്‍, പിന്നീട് ഒരു വടി മാത്രം ഉപയോഗിച്ച് നടക്കാന്‍ തുടങ്ങി. സിനിമയില്‍ ചെറിയ അവസരങ്ങള്‍ കിട്ടി. തേടിവന്ന അവസരങ്ങൾ നന്നായി ഉപയോഗിച്ചു. പത്ത് വര്‍ഷത്തെ കഷ്ടപ്പാടിനൊടുവിലാണ് ഇന്ന് നിങ്ങള്‍ കാണുന്ന നിലയിലേക്ക് താൻ വളർന്നതെന്നും വിക്രം പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here