തനിക്കെതിരെ വന്ന സ്വർണക്കടത്ത് ആരോപണം എഡിജിപി പി.വിജയന് നേരെ തിരിച്ചുവിട്ട് എം.ആർ.അജിത് കുമാർ; എം.ആറിനെ തള്ളി സുജിത് ദാസ്

പി.വി.അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് ശേഷം പോലീസ് തലപ്പത്ത് സംഭവിക്കുന്നത് പലതും വിചിത്രമാണ്. സ്വർണക്കടത്ത് അടക്കം എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ അൻവർ പുറത്തുവിട്ടത് പലതും ഉണ്ടയില്ലാ വെടിയാണെന്ന് ആണ് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് സർക്കാർ ഇന്ന് നിയമസഭയിൽ വച്ചതോടെ പൊതുരേഖയായി. ഇതിൽ നിന്ന് വരുന്ന പുതിയ വിവരങ്ങളാണ് അമ്പരപ്പിക്കുന്നത്.

കഴിഞ്ഞയാഴ്ച ഇൻ്റലിജൻസ് മേധാവിയായി ചുമതലയേറ്റ എഡിജിപി പി.വിജയൻ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഐജിയായിരിക്കെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിൽ പങ്കുണ്ടായിരുന്നു എന്നാണ് എം.ആർ.അജിത് കുമാർ ഡിജിപിക്ക് നൽകിയ മൊഴിയായി റിപ്പോർട്ടിൽ പറയുന്നത്. മലപ്പുറത്ത് എസ്പിയായിരിക്കെ സുജിത് ദാസാണ് ഇക്കാര്യം പറഞ്ഞത്. സ്ക്വാഡിലെ മറ്റു ചിലർക്കും പങ്കുണ്ടായിരുന്നു. ഇത് അറിഞ്ഞ ശേഷമാണ് സ്വർണവേട്ട ഊർജിതമാക്കാൻ താൻ നിർദേശം നൽകിയത് എന്നാണ് അജിത് കുമാറിൻ്റെ മൊഴി.

അതേസമയം പി.വിജയന് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുജിത് ദാസ് പ്രതികരിച്ചു. എം.ആർ.അജിത് കുമാർ ഡിജിപിയുടെ അന്വേഷണത്തിൽ നൽകിയ മൊഴി വസ്തുതാ വിരുദ്ധമാണ്. എന്നാൽ തൻ്റെ സസ്പെൻഷന് കാരണമായ പി.വി.അൻവർ എംഎൽഎയുടെ ഇടപെടലുകൾക്ക് പിന്നിൽ രണ്ട് എസ്പിമാരാണ് എന്നാണ് സുജിത് ദാസിൻ്റെ മൊഴി. മികച്ച അന്വേഷകരെന്ന് പേരെടുത്ത എം.പി.മോഹനചന്ദ്രൻ, പി.വിക്രമൻ എന്നിവരെയാണ് കുറ്റപ്പെടുത്തുന്നത്. ഇവരിൽ മോഹനചന്ദ്രൻ ആലപ്പുഴ എസ്പിയും വിക്രമൻ എക്സൈസ് വിജിലൻസ് എസ്പിയുമാണ്.

അതേസമയം എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഭൂരിപക്ഷത്തിനും തെളിവില്ല എന്നാണ് ഡിജിപിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അൻവർ ആരോപിച്ചത് പോലെ നിയമവിരുദ്ധമായ ഫോൺ ചോർത്തൽ ഉണ്ടായിട്ടില്ല. അജിത് കുമാറിൻ്റെ സ്വത്തു സമ്പാദനം അടക്കം ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കുന്നതിനാൽ ഡിജിപി അന്വേഷിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top