ലൊക്കേഷന്‍ സ്കെച്ചിന് കൈക്കൂലി; വില്ലേജ് ഓഫീസ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍

കോഴിക്കോട്: കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സിന്‍റെ പിടിയിലായി. കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സി.കെ. സാനുവാണ് പിടിയിലായത്. വീട് വയ്ക്കാനുള്ള ലൊക്കേഷന്‍ സ്കെച്ചിനു 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം കയ്യോടെ പിടികൂടിയത്.

കേരള സര്‍ക്കാരിന്റെ “പുനര്‍ഗേഹം’ പദ്ധതിയുടെ ഭാഗമായി വീട് നിര്‍മ്മിക്കുന്നതിന് സ്ഥലത്തിന്റെ ലൊക്കേഷന്‍ സ്കെച്ച് വേണ്ടിയിരുന്നു. അതിനായി വില്ലേജ് ഓഫീസില്‍ കഴിഞ്ഞ വ്യാഴാഴ്ച അപേക്ഷ നല്‍കിയിരുന്നു. സ്ഥലപരിശോധനക്ക് എത്തിയ സാനു ലൊക്കേഷന്‍ സ്കെച്ച് നല്‍കുമ്പോള്‍ 500 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇതറിഞ്ഞ പരാതിക്കാരന്റെ സുഹൃത്ത് വിജിലന്‍സ് കോഴിക്കോട് ഡെപ്യൂട്ടി സൂപ്രണ്ട് സുനില്‍ കുമാറിനെ വിവരം അറിയിച്ചു. ഇതോടെ വിജിലന്‍സ് കെണിയൊരുക്കി. വില്ലേജ് ഓഫീസില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങുമ്പോഴാണ് സാനുവിനെ വിജിലന്‍സ് പിടികൂടിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്‌പിയെ കൂടാതെ, ഇന്‍സ്പെക്ടര്‍ സന്ദീപ്‌ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ സുനില്‍, രാധാകൃഷ്ണന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍, സീനിയര്‍ സിപിഒ അബ്ദുള്‍ സലാം, സിപിഒമാരായ രാഹുല്‍, ശ്രീകാന്ത്, ഷൈജിത്ത്, ജയേഷ് തുടങ്ങിയവരാണ് വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top