കൈക്കൂലി വാങ്ങി സ്വന്തം വീട്ടിലെ കറൻ്റ് ബില്ലടയ്ക്കുന്ന ഉദ്യോഗസ്ഥൻ കുടുങ്ങി; കോട്ടയം ഞീഴൂർ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായത് 1300 രൂപ വാങ്ങുന്നതിനിടെ

കോട്ടയം: കടുത്തുരുത്തിക്ക് അടുത്ത് ഞീഴൂരിൽ ജനന സർട്ടിഫിക്കറ്റ് അനുവദിക്കാൻ കൈക്കൂലി ചോദിച്ചുവാങ്ങിയ വില്ലേജ് ഓഫീസറെ വിജിലൻസ് കയ്യോടെ പിടികൂടി. കുറവിലങ്ങാട് സ്വദേശിയായ യുവാവിന് വിദേശത്ത് ജോലിക്കായാണ് ജനന സർട്ടിഫിക്കറ്റ് വേണ്ടിവന്നത്. ഇതിന് പകരമായാണ് വില്ലേജ് ഓഫീസർ ജോർജ് ജോൺ 1300 രൂപ ആവശ്യപ്പെട്ടത്. വൈദ്യുതി ബില്ലടക്കാനാണ് തുകയെന്നാണ് വില്ലേജ് ഓഫീസർ അവകാശപ്പെട്ടത്.

പരാതിക്കാരൻ്റെ ബന്ധുവിന് കാനഡയിൽ ജോലിക്ക് പോകേണ്ട ആവശ്യത്തിനായി ജനനം രജിസ്റ്റർ ചെയ്യേണ്ടിവന്നു. ഇതിനായി പാലാ ആർഡി ഓഫീസിൽ നൽകാനുള്ള റിപ്പോർട്ട് വില്ലേജ് ഓഫീസർ തയ്യാറാക്കി വച്ചു. ഈ റിപ്പോർട്ട് ആർഡിഒക്ക് അയക്കണമെങ്കിൽ പണം നൽകണമെന്നാണ് ജോർജ് ജോൺ ആവശ്യപ്പെട്ടത്. ഇതിനെത്തുടർന്നാണ് പരാതിക്കാരൻ കോട്ടയം വിജിലൻസ് ഓഫീസിൽ എത്തിയത്.

ഉച്ചയോടെ വില്ലജ് ഓഫീസിൽവച്ചാണ് പണം വാങ്ങിയത്. പരാതിക്കാരന് വിജിലൻസ് കൊടുത്ത ഫിനോഫ്ത്തലിൻ പൗഡർ പുരട്ടിയ നോട്ടുകൾ ജോർജിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നോട്ട് വാങ്ങിയ ശേഷം ജോർജിന്റെ കൈ സോഡിയം കാർബണെറ്റ് ലായിനിയിൽ മുക്കി കൈക്കൂലി വാങ്ങിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഡിവൈഎസ്പി വി.ആര്‍ രവികുമാര്‍, ഇൻസ്‌പെക്ടർ പ്രദീപ്.എസ്, എസ്ഐമാരായ സ്റ്റാന്‍ലി തോമസ്‌, ജയ്മോന്‍ വി.എം, പ്രദീപ്‌ കുമാര്‍.പി.എന്‍, പ്രസാദ്.കെ.എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top