കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ജീവനക്കാര്‍ പിടിയില്‍; പണം ആവശ്യപ്പെട്ടത് ഭൂമി തരം മാറ്റാന്‍

ആലപ്പുഴ: പുന്നപ്ര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും ഫീല്‍ഡ് അസിസ്റ്റന്റും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. പരാതിക്കാരന്റെ ഭൂമി തരം മാറ്റുന്നതിനുള്ള ഫയല്‍ റവന്യു ഡിവിഷണല്‍ ഓഫീസില്‍ അയക്കാനായി 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വില്ലേജ് അസിസ്റ്റന്റ് വിനോദിന്റെ നിര്‍ദേശപ്രകാരം ഫീല്‍ഡ് അസിസ്റ്റന്റ് അശോകനാണ് പരാതിക്കാരനില്‍ നിന്ന് പണം വാങ്ങിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

പുന്നപ്ര സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള ഭൂമി തരം മാറ്റുന്നതിന് കഴിഞ്ഞ ഓഗസ്റ്റിലാണ് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. കഴിഞ്ഞ ശനിയാഴ്ച വില്ലേജ് അസിസ്റ്റന്റ് വിനോദും ഫീല്‍ഡ് അസിസ്റ്റന്റ് അശോകനും സ്ഥലത്തെത്തി ഫയല്‍ റവന്യു ഡിവിഷണല്‍ ഓഫീസില്‍ അയക്കണമെങ്കില്‍ 5000 രൂപ നല്‍കണമെന്ന് പറഞ്ഞു. വിവരം വിജിലന്‍സ് കിഴക്കന്‍ മേഖല പോലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാറിനെ അറിയിച്ചു. ജില്ലാ വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് ഗിരീഷ്‌ പി.സാരഥിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം ഇവരെ പിടികൂടുകയായിരുന്നു.

വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍മാരായ പ്രശാന്ത് കുമാര്‍, എം.എ.രാജേഷ്‌ കുമാര്‍, സബ്‌ ഇന്‍സ്പെക്ടര്‍ വസന്ത്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ജയലാല്‍, സിപിഒമാരായ ശ്യാം കുമാര്‍, രഞ്ജിത്ത്, സനല്‍, സുദീപ്, ലിജു തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top