പ്രീണിപ്പിക്കാനോ പേടിപ്പിക്കാനോ വരവ്; ക്രൈസ്തവ നേതാക്കളുമായി ഡൽഹി ലഫ്. ഗവർണറുടെ സർപ്രൈസ് മീറ്റിംഗ് ഇന്ന്; അമിത്ഷായുടെ വിശ്വസ്തന്‍റെ വരവിൽ അപകടംമണത്ത് മുന്നണികൾ

തിരുവനന്തപുരം: പോളിംഗിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ക്രൈസ്തവ വോട്ടുകൾ പാട്ടിലാക്കാൻ ബിജെപിയുടെ അവസാനവട്ട ദൂതുമായി ഡൽഹി ലഫ്. ഗവർണർ. ഒരു സംസ്ഥാനത്തെ ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി മറ്റൊരു സംസ്ഥാനത്തെ മതനേതാക്കളുമായി രാഷ്ട്രീയ കൂടിക്കാഴ്ച നടത്തുന്നതിൽ അനൗചിത്യമുണ്ടെന്ന നിലപാടിലാണ് ഭരണ- പ്രതിപക്ഷങ്ങൾ.

ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്സേനയാണ് ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ കാണാനായി ഇന്ന് കൊച്ചിയിൽ എത്തുന്നത്. സിറോ മലബാർ സഭാധ്യക്ഷൻ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലുമായാണ് ആദ്യ കൂടിക്കാഴ്ച. ഉച്ചക്ക് 12 മണിക്ക് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് തിരുവല്ലയിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിന്റെ പരിപാടിയിൽ വിനയ്കുമാർ സക്സേന മുഖ്യാഥിതിയായി പങ്കെടുക്കും. വ്യാഴാഴ്ച തിരുവനന്തപുരത്ത് ലത്തീൻ അതിരൂപതാ ആർച്ചുബിഷപ്പ് തോമസ് ജെ.നെറ്റോയെയും അദ്ദേഹം കാണുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഭരണ-പ്രതിപക്ഷ കക്ഷികളിൽ പെട്ട നേതാക്കളെ ആരെയും കാണാൻ ആർച്ചുബിഷപ്പ് ഉദ്ദേശിക്കുന്നില്ല എന്നാണ് ലത്തീൻ അതിരൂപതാ നേതൃത്വത്തിന്‍റെ നിലപാട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വിശ്വസ്തന്‍റെ വരവ് ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് അനുകൂലമാക്കാനുള്ള നീക്കമാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണിക്ക് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ സ്വീകരണം നൽകിയിരുന്നു. അനിലിന് പൂർണപിന്തുണ നൽകുമെന്ന് സഭാ നേതൃത്വം അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച സംസ്ഥാനത്തെ ആദ്യ ക്രൈസ്തവ സഭയാണ് ബിലീവേഴ്‌സ് ചർച്ച് . സാമ്പത്തിക തിരിമറികളുടെ പേരിൽ വിവിധ കേന്ദ്ര ഏജൻസികളുടെ റെയ്ഡും അന്വേഷണവുമൊക്കെ നേരിടുന്ന സഭാ വിഭാഗമാണ് തിരുവല്ലാ ആസ്ഥാനമായ ബിലീവേഴ്‌സ് ചർച്ച്. സംസ്ഥാനത്തെ മറ്റ് പ്രബല സഭകളുമായി താരതമ്യം ചെയ്യുമ്പോൾ ജനസ്വാധീനവും രാഷ്ടീയ ശക്തിയും തീരെ കുറവുള്ള സഭാവിഭാഗമാണിവർ. ഏതെങ്കിലുമൊരു പാർലമെന്റ് മണ്ഡലത്തിൽ സ്വാധീനം ചെലുത്താനുള്ള കഴിവൊന്നും തൽക്കാലം ഇവർക്കില്ലെന്ന് സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ കക്ഷികൾക്കറിയാം. അതുകൊണ്ട് തന്നെ ബിലീവേഴ്‌സ് ചർച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ ഇടത്-വലത് മുന്നണികൾക്ക് ഒട്ടും ആശങ്കയില്ല.

സംസ്ഥാനത്തെ ജനസംഖ്യയിൽ 18% വരുന്ന ക്രിസ്ത്യാനികൾ 13 പാർലമെന്റ് മണ്ഡലങ്ങളിൽ നിർണായക ശക്തിയാണ്. ഈ 13 മണ്ഡലങ്ങളിലും ശരാശരി 20% ത്തിലധികം വോട്ടര്‍മാര്‍ ക്രൈസ്തവരാണ്. പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിൽ ക്രിസ്ത്യൻ വോട്ടര്‍മാര്‍ യഥാക്രമം 41%വും 39.6%വുമാണ്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകളിൽ 75%വും യുഡിഎഫിനാണ് ലഭിച്ചതെന്ന് CSDS (Centre for the Study of Developing Societies) പോസ്റ്റ് പോൾ സർവ്വെയിൽ കണ്ടെത്തിയിരുന്നു. കോൺഗ്രസിനൊപ്പം നിൽക്കുന്ന ഈ വോട്ട് ബാങ്കിനെ ഏത് വിധേനയും അടർത്തി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് ബിജെ പിയും കേന്ദ്ര സർക്കാരും.

സംസ്ഥാനത്തെ പ്രബലസഭകളായ സീറോ മലബാർ, ലത്തീൻ, ഓർത്തഡോക്സ് വിഭാഗങ്ങളുടെ വിദേശ സംഭാവനകൾ സ്വീകരിക്കുന്ന നിരവധി എഫ്സി ആർഎ അക്കൗണ്ടുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചിട്ടുണ്ട്. വിദേശ സംഭാവന നിയന്ത്രണ ലൈസൻസ് റദ്ദായതു മൂലം മിക്ക സഭകളും കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മൂന്ന് എഫ്സിആർ എ അക്കൗണ്ടുകൾ വിഴിഞ്ഞം സമരത്തിന്‍റെ പേരിൽ കേന്ദ്ര സർക്കാർ മരവിപ്പിച്ചതു മൂലം മിഷൻ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടതായി ആർച്ചുബിഷപ്പ് തോമസ് ജെ.നെറ്റോയുടെ ഇടയലേഖനം കഴിഞ്ഞ ഞായറാഴ്ച പളളികളിൽ വായിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകിയാൽ എഫ്സിആർഎ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാൻ സഹായിക്കാമെന്ന ഓഫർ ഇന്ന് നൽകാനിടയുണ്ടെന്നാണ് മിക്ക സഭാനേതാക്കളും കരുതുന്നത്. പക്ഷേ, ഇത്തരം ഓഫറുകൾക്ക് വിശ്വാസികളെ സ്വാധീനിക്കാനാവുമോ എന്ന കാര്യത്തിൽ സഭാധ്യക്ഷന്മാർക്ക് പോലും ഉറപ്പുപറയാനാവാത്ത സ്ഥിതിയാണ് മിക്ക സഭകളിലും നിലവിലുള്ളത്.

മണിപ്പൂരിലും വടക്കേ ഇന്ത്യയിലും ക്രിസ്ത്യാനികൾക്കു നേരെ കടുത്ത അക്രമങ്ങൾ നടക്കുന്നതിനെ ഫലപ്രദമായി നേരിടുന്നതിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ വേണ്ട ശുഷ്കാന്തി കാണിച്ചിട്ടില്ല എന്നാണ് ഒട്ടുമിക്ക സഭകളുടേയും നിലപാട്. പത്ത് വർഷത്തിനിടയിൽ ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് വൻ വർധനയുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് പ്രതിദിനം ശരാശരി മൂന്ന് ആക്രമണങ്ങൾ ക്രൈസ്തവർക്ക് നേരെ നടക്കുന്നുവെന്നാണ് ഡൽഹി ആസ്ഥാനമായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്കുകൾ പറയുന്നത്. കഴിഞ്ഞ ഒരു വർഷമായി കലാപം തുടരുന്ന മണിപ്പൂരിൽ ഒരുതവണ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാത്തതിലും സഭാ നേതൃത്വങ്ങൾ അസംതൃപ്തരാണ്.

സംസ്ഥാനത്തെ 18% വരുന്ന ക്രൈസ്തവരെ ഒപ്പം നിർത്താൻ ബിജെപി പല ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. ഏറ്റവുമൊടുവിൽ ഒരുപറ്റം തീവ്രഹിന്ദുത്വവാദികൾ തെലുങ്കാനയിലെ ആദിലാബാദിൽ കത്തോലിക്കാ സ്കൂൾ തല്ലിത്തകർക്കുകയും വൈദികനെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചതും കേരളത്തിൽ വലിയ അമർഷമുണ്ടാക്കിയ സംഭവമാണ്. സിറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിനാണ് കനത്ത നാശനഷ്ടമുണ്ടാക്കിയത്. മലയാളി വൈദികൻ ഫാദർ ജയ്സൺ ജോസഫിനെ അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. അതിക്രമവുമായി ബന്ധപ്പെട്ട് തെലുങ്കാന പോലീസ് 12 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ക്രിസ്ത്യാനികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ സംസ്ഥാന ബിജെപി നേതൃത്വം പോലും നിശബ്ദത പാലിക്കുകയാണെന്നും സഭാനേതാക്കള്‍ക്ക് പരാതിയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top