ഇത് വിനായകന്റെ ‘പുതിയമുഖോം…’; ‘തെക്ക് വടക്ക്’ സിനിമയുടെ ഗെറ്റപ്പ് ടീസര്‍ എത്തി; പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും

വിനായകനും സുരാജ് വെഞ്ഞാറമ്മൂടും നായകന്മാരായി എത്തുന്ന തെക്ക് വടക്ക് എന്ന സിനിമയിലെ ഇരുവരുടേയും ഗെറ്റപ്പ് ടീസര്‍ പുറത്തുവിട്ടു. ക്യാരക്ടര്‍ റിവീലിങ് ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. കഷണ്ടി കയറിയ തലയും പിരിച്ചു വെച്ച കൊമ്പന്‍ മീശയുമായി വിനായകന്‍ എത്തുമ്പോള്‍, നരച്ച താടിയും മുടിയുമായി സുരാജ് വെഞ്ഞാറമ്മൂടിനെയും കാണാം. വീഡിയോയില്‍ ഇരുവരും പരസ്പരം മുഖം തിരിഞ്ഞാണ് നില്‍ക്കുന്നത്. മധ്യവയസ്‌ക്കരായ കഥാപാത്രങ്ങളെയാണ് താരങ്ങള്‍ അവതരിപ്പിക്കുന്നതെന്നും ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രം എത്തുന്നതെന്നും ടീസറില്‍ നിന്നും വ്യക്തം.

അഞ്ജന തിയറ്റേഴ്‌സിന്റെയും വാര്‍സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ അഞ്ജന ഫിലിപ്പും വി.എ ശ്രീകുമാറും ചേർന്ന് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് പൂര്‍ത്തിയായി. എസ്. ഹരീഷിന്റെ ‘രാത്രി കാവല്‍’ എന്ന കഥയെ അടിസ്ഥാനമാക്കി കഥാകൃത്ത് തന്നെ ഒരുക്കിയ തിരക്കഥ സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. മെല്‍വിന്‍ ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ഡിഎക്‌സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി.എസ്. ആണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്.

മലയാളത്തിലെ മികച്ച കഥകളും നോവലുകളും തിരഞ്ഞെടുത്ത് സിനിമയാക്കുന്ന ‘കഥയാണ് കാര്യം’ പരമ്പരയിലെ ആദ്യ ചിത്രമാണിത്. ഇതുവരെ അഞ്ചു കഥകളാണ് ‘കഥയാണ് കാര്യം’ പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ കഥയുടെയും സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ കണ്ടെത്തും. സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി.ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് സിനിമകൾ. മലയാളി സംരംഭകൻ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top