‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മലയാള സിനിമയുടെ സീന്‍ മാറ്റിയെന്ന് വിനീത് ശ്രീനിവാസന്‍; ‘അഭിമാനം തോന്നുന്നു’

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന് പ്രശംസ വാരിക്കോരി നൽകി സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍. ചെന്നൈയിലെ തിയറ്ററില്‍ നിന്ന് ചിത്രം കണ്ടതിന് ശേഷമാണ് വിനീത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചിത്രത്തെക്കുറിച്ച് എഴിതിയത്. സിനിമാ ആരാധകനെന്ന നിലയില്‍, ഒരു സിനിമയില്‍ താന്‍ ആകൃഷ്ടനാകുമ്പോഴെല്ലാം പോയ വര്‍ഷങ്ങളില്‍ ഉണ്ടായ ഇത്തരം അനുഭവങ്ങള്‍ ഓര്‍ക്കാറുണ്ടെന്നാണ് വിനീത് പറഞ്ഞത്.

“ഇന്‍സെപ്ഷന്‍, ഷെയ്പ്പ് ഓഫ് വാട്ടര്‍, ലാ ലാ ലാന്‍ഡ് എന്നീ സിനിമകളൊക്കെ കണ്ടുകഴിഞ്ഞ് അതിന്റെ എന്‍ഡ് ടൈറ്റില്‍ തീരും വരെ സ്‌ക്രീനിലേക്ക് നോക്കി തിയറ്ററില്‍ ഇരുന്നത് ഞാന്‍ ഓര്‍ക്കുന്നു. സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞപ്പോള്‍ എന്‍ഡ് ടൈറ്റില്‍ തീരുന്നതിനു മുമ്പേ ഞാന്‍ തിരക്കിട്ട് തിയറ്ററില്‍ നിന്ന് പുറത്തുകടന്നു. കാരണം ഞാന്‍ കരയുന്നത് മറ്റുള്ളവര്‍ കാണാന്‍ എനിക്ക് ആഗ്രഹമില്ലായിരുന്നു. ഇന്ന് മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടുകഴിഞ്ഞും ഞാന്‍ സ്‌ക്രീനിലേക്കു തന്നെ ഉറ്റുനോക്കിയിരുന്നു. മലയാളികളല്ലാത്തെ ആളുകള്‍ നിറഞ്ഞ ഒരു സിനിമാ തിയറ്ററില്‍, എനിക്കറിയാവുന്ന കുറച്ചുപേര്‍ ചേര്‍ന്ന് സൃഷ്ടിച്ച ഒരു സിനിമയാണ് ഞാന്‍ കണ്ടത്. ഞാന്‍ ബഹുമാനിക്കുന്ന കുറച്ചുപേര്‍, അതില്‍ ചിലര്‍ എന്റെ സുഹൃത്തുക്കളും. എനിക്ക് അഭിമാനം തോന്നി. മലയാള സിനിമയുടെ സീന്‍ തന്നെ മാറ്റുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പക്ഷെ ഇക്കാര്യം നമ്മളെക്കാള്‍ മുമ്പ് സുഷിന്‍ ശ്യാമിന് അറിയാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്,” വിനീത് കുറിച്ചു.

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, അഭിനേതാക്കളായ കമല്‍ ഹാസന്‍, വിക്രം, സിദ്ദാര്‍ഥ്, ഉദയനിധി സ്റ്റാലിന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

ഫെബ്രുവരി 22ന് തിയറ്ററിലെത്തിയ മഞ്ഞുമ്മല്‍ ബോയ്‌സ് ഈ വര്‍ഷത്തെ ഏറ്റവും വലിയ മലയാളം ബ്ലോക്ക്ബസ്റ്റര്‍ ആണ്. റിലീസ് കഴിഞ്ഞ് പത്തുദിവസം പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രത്തിന്റെ കളക്ഷന്‍ 75 കോടി കടന്നു എന്നാണ് റിപ്പോര്‍ട്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top