‘കൈപിടിച്ച്’ വിനേഷ് ഫോഗട്ട്; ബജ്രംങ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഹരിയാനയില്‍ മത്സരിക്കും

ഗുസ്തി താരം വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ എഐസിസി ഓഫീസില്‍ നടന്ന ചടങ്ങിലാണ് അംഗത്വം സ്വീകരിച്ചത്. മറ്റൊരു ഗുസ്തി താരമായ ബജ്രംങ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ക്കായി പോരാടാനാണ് ഇത്തരമൊരു തീരുമാനമെന്ന് വിനേഷ് പ്രതികരിച്ചു. കര്‍ഷകരടക്കം വലിയ പ്രതിസന്ധിയിലാണ് അതില്‍ മാറ്റം വരണം. ഇതിനായുള്ള പോരാട്ടം തുടങ്ങുകയാണെന്നും വിനേഷ് പറഞ്ഞു. റയില്‍വേയിലെ ജോലി രാജിവച്ച ശേഷമാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് മത്സരിക്കുമെന്നും ഉറപ്പായിട്ടുണ്ട്.കഴിഞ്ഞ ദിവസം ഇരുവരും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹൂല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് അംഗത്വം സ്വീകരിച്ചിരിക്കുന്നത്.

ഒളിംപിക്സിന് ശേഷം മടങ്ങിയെത്തിയ വിനേഷ് ഫോഗട്ടിന് ഡല്‍ഹി വിമാനത്താവളം മുതല്‍ അവരുടെ ഗ്രാമമായ ചാര്‍ഖി ദ്രാദ്രി വരെ നീണ്ട സ്വീകരണ ഘോഷയാത്ര തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ടേക്ക് ഓഫായി കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നു. സ്വീകരണ പരിപാടികളിലെ ജനക്കൂട്ടത്തെ വോട്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കഴിഞ്ഞ ദിവസം കര്‍ഷക സമരവേദിയിലെത്തി കേന്ദ്രസര്‍ക്കാരിനെതിരെ വിനേഷ് ഫോഗട്ട് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലെ കര്‍ഷകരുടെ സമരപന്തലിലാണ് വിനേഷ് എത്തിയത്. കര്‍ഷകന്റെ മകളായ താന്‍ എന്നും കര്‍ഷക പ്രതിഷേധങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് വിനേഷ് പ്രഖ്യാപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top