മോദിയുടെ ആവശ്യം നിരസിച്ചു; പ്രധാനമന്ത്രി രാഷ്ട്രീയമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് വിനേഷ് ഫോഗട്ട്

പാരീസ് ഒളിമ്പിക്‌സിൽ 50 കിലോഗ്രാം ഗുസ്തി ഫൈനലിൽ അയോഗ്യയായതിന് ശേഷം തന്നെ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാൻ വിസമ്മതിച്ചതായി മുൻ ഗുസ്തി താരവും ഹരിയാനയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രി തന്നെ വിളിച്ചിരുന്നു. നേരിട്ടല്ല അദ്ദേഹം വിളിച്ചത്. പാരിസില്‍ ഉണ്ടായിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ മോദിക്ക് സംസാരിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചു. എന്നാൽ താനത് വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് ഫോഗട്ട് പറഞ്ഞു. തൻ്റെ വികാരങ്ങളും കഠിനാധ്വാനങ്ങളും രാഷ്ട്രീയ ആവശ്യങ്ങൾക്കായി ചൂഷണം ചെയ്യപ്പെടാൻ ആഗ്രഹിക്കാത്തതിനാലാണ് അങ്ങനെ നിലപാട് എടുത്തതെന്നും അവർ വ്യക്തമാക്കി.

“പ്രധാനമന്ത്രി എന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉദ്യോഗസ്ഥi എൻ്റെ അടുത്ത് വന്ന് എന്നോട് പറഞ്ഞു. ഞാൻ ആദ്യം ശരിയെന്ന്പറഞ്ഞു. അതിനു ശേഷം എൻ്റെ ടീമിലുള്ള ആരും എൻ്റെ കൂടെ ഉണ്ടാകരുത്, ഒരാൾ ഫോൺ സംഭാഷണത്തിൻ്റെ വീഡിയോ (പ്രധാനമന്ത്രി മോദിയുമായുള്ള) ഷൂട്ട് ചെയ്യുമെന്നും അദേഹം അറിയിച്ചു.തുടർന്ന് ഞാൻ അത് നിരസിക്കുകയായിരുന്നു” – വിനേഷ് പറഞ്ഞു.

സംഭാഷണം പരസ്യപ്പെടുത്തും എന്ന നിബന്ധനയില്ലാതെ ആയിരുന്നു ആ കോൾ എങ്കിൽ അതിനെ താൻ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം കായിക താരങ്ങളോട് ആത്മാർത്ഥത പുലർത്തുന്ന ആളായിരുന്നുവെങ്കിൽ റെക്കോർഡ് ചെയ്യാൻ തയ്യാറാവാതെ വിളിക്കുമായിരുന്നുവെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. തൻ്റെ സംഭാഷണവും പ്രതികരണവും നിയന്ത്രിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ആഗ്രഹിച്ചതായി സംശയിക്കുന്നു. തൻ്റെ കഠിനാധ്വാനവും വൈകാരികതയും സോഷ്യൽ മീഡിയകളിൽ ഓഡിറ്റിംഗിനും കളിയാക്കലുകൾക്കും വിധേയമാക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി.


ഭാരപരിശോധനയില്‍ അനുവദനീയമായതിലും 100 ഗ്രാം കൂടുതലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒളിമ്പിക്സ് ഫൈനലിൽ നിന്നും വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു. തുടര്‍ന്ന് വെള്ളി മെഡല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കായിക കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിക്കളഞ്ഞു. ഇതോടെ ഫൈനലിലെത്തിയിട്ടും അവസാന സ്ഥാനക്കാരിയായി അവർക്ക് ഒളിമ്പിക്സിൽ നിന്നും മടങ്ങേണ്ടി വന്നു. ഇതിനു ശേഷം ഗുസ്തിയിൽ നിന്നും വിരമിച്ച താരം കോൺഗ്രസിൽ ചേർന്നിരുന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയാണ് വിനേഷ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top