‘സ്വന്തം നാട്ടില്‍ തെരുവിൽ വലിച്ചിഴച്ചു, ചവിട്ടി തകര്‍ത്തു’; ഇന്ത്യയില്‍ തോറ്റത് വ്യവസ്ഥിതിയോട്; പാരീസില്‍…?

ഒളിമ്പിക്സ് ഗുസ്തിയിൽ വിനേഷ് ഫോഗട്ടിന് അയോഗ്യത കൽപിച്ചതോടെ പാരീസിൽ വീണത് ഇന്ത്യയുടെ ആത്മാഭിമാനത്തിന്‍റെ കണ്ണുനീർ. വനിത ഗുസ്തി 50 കിലോഗ്രാം ഫൈനല്‍ പോരാട്ടത്തിന് ഫോഗട്ട് ഇറങ്ങാനിരിക്കുമ്പോള്‍ അതിനൊരു രാഷ്ട്രീയ മാനവുമുണ്ടായിരുന്നു. അഭിമാന മെഡൽ തേടിയാണ് അവർ ഇക്കുറി പാരീസിലെത്തിയത്.

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനും മറ്റ് ഭാരവാഹികൾക്കും എതിരായ ലൈംഗികാരോപണ കേസുകളിൽ നീതി തേടി തെരുവിലിറങ്ങിയ താരങ്ങളിൽ മുൻനിരയില്‍ വിനേഷ് ഫോഗട്ടും ഉണ്ടായിരുന്നു. സെമിയിലേക്ക് കുതിച്ചപ്പോൾ ടോക്യോ ഒളിമ്പിക്സിലെ മെഡൽ ജേതാവ് ബജ്റംഗ് പുനിയ എക്സിൽ കുറിച്ച വാചകങ്ങൾ മാത്രം മതി അവർ ഗുസ്തി കോർട്ടിന് അകത്തും പുറത്തും ആരായിരുന്നു എന്ന് മനസിലാക്കാൻ.

‘‘ഈ പെൺകുട്ടിയെ സ്വന്തം നാട്ടിൽവച്ച് ചവിട്ടിത്തകർത്തു. അവളുടെ നാട്ടിൽ തെരുവിൽ വലിച്ചിഴച്ചു. ഈ പെൺകുട്ടി ലോകം കീഴടക്കാൻ പോകുന്നു; പക്ഷേ, ഈ രാജ്യത്തെ വ്യവസ്ഥിതിയോട് അവൾ തോറ്റുപോയി’’- എന്നായിരുന്നു പൂനിയ കുറിച്ചത്. ഇന്ത്യൻ ഗുസ്തിയിലെ പെൺസിംഹം എന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. വിനേഷ് ഫോഗട്ടിനും സാക്ഷി മാലിക്കിനും ഒപ്പം മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ സിങ്ങിനെതിരെ സമരം നയിക്കാൻ മുൻ നിരയിൽ ബജ്റംഗ് പൂനിയയും ഉണ്ടായിരുന്നു.

2019ലും 2022ലും നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 53 കിലോയിൽ വിനേഷ് രണ്ട് വെങ്കല മെഡലുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിൽ താരം മത്സരിച്ചെങ്കിലും വെറും കയ്യോടെ മടങ്ങാനായിരുന്നു വിധി. തുടർന്നാണ് ഇക്കുറി കഠിനാധ്വാനംകൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ഭാരം കുറച്ച് 50 കിലോഗ്രാം വിഭാഗത്തിൽ താരം യോഗ്യത നേടിയത്. ഇതിനിടയിൽ തൻ്റെ സഹതാരങ്ങൾക്ക് നീതി തേടി തെരുവിലിറങ്ങിയ ഫോഗട്ടിന് ഗുസ്തി ഫെഡറേഷനിൽ നിന്നും നിരവധി എതിർപ്പുകളും നേരിടേണ്ടി വന്നു. ഇക്കുറി മെഡല്‍ നേടി അതിനെല്ലാം മറുപടി നൽകും എന്ന് താരം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഒളിമ്പിക്സിൽ വെള്ളി മെഡൽ ഉറപ്പിക്കുകയും ചെയ്തു. ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ താരം എന്ന ചരിത്രനേട്ടത്തിനരികെ നിൽക്കുമ്പോഴാണ് ഭാരപരിശോധനയിൽ നിര്‍ഭാഗ്യം വില്ലനായി എത്തുന്നത്.

ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയിൽ നിശ്ചിത ഭാരപരിധിയേക്കാൾ 100 ഗ്രാം കൂടുതലുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഫോഗട്ടിനെ അയോഗ്യ ആക്കുകയായിരുന്നു. ഇതോടെ താരം ഉറപ്പിച്ചിരുന്ന മെഡലും നഷ്ടമാകും. നിലവിലെ നിയമം അനുസരിച്ച് നടപടിക്കെതിരെ അപ്പീൽ നൽകാനും കഴിയില്ല. വിനേഷ് ഫോഗട്ട് പ്രതീക്ഷിച്ചത് സ്വർണ മെഡൽ മാത്രമല്ല തന്നെ തെരുവിൽ വലിച്ചഴച്ചവർക്കും അപമാനിച്ചവർക്കുമുള്ള മറുപടി കൂടിയായിരുന്നു. അതുകൊണ്ട് പാരീസിൽ വീണത് വിനേഷ് ഫോഗട്ടിൻ്റെ നിരാശ നിറഞ്ഞ കണ്ണുനീർ മാത്രമല്ല, അതിൽ ഒരു ജനതയുടെ ആത്മാഭിമാനത്തിൻ്റെ ഉപ്പു കൂടി അടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top