വിനോഷ് ഫോഗട്ടിന്റെ അയോഗ്യത; പിന്നിൽ ചില ഗൂഢാലോചനകളെന്ന് കോൺഗ്രസ് എംപി

പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടർന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ് എംപി. ഇതിന് പിന്നിൽ ചില ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് എംപി ബൽവന്ത് വാങ്കഡെ പറഞ്ഞു. ജന്തർ മന്തറിൽ ഫോഗട്ട് നടത്തിയ പ്രതിഷേധം രാജ്യത്തിന് മുഴുവൻ അറിയാം. അവൾക്ക് നീതി ലഭിച്ചില്ല. ഒളിമ്പിക്സിൽ വിജയിച്ചിരുന്നുവെങ്കിൽ ഫോഗട്ടിനെ ആദരിക്കേണ്ടി വരുമായിരുന്നു, അത് ചിലർക്ക് ഇഷ്ടപ്പെട്ടിരിക്കില്ലെന്ന് എംപി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഗുസ്തിയിൽ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. ഇന്നു നടന്ന ഭാരപരിശോധനയിൽ താരം പരാജയപ്പെടുകയായിരുന്നു. അനുവദനീയമായതിനേക്കാൾ 100 ഗ്രാം ഭാരം കൂടിയതിനാലാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് ഫോഗട്ട് ഏറ്റുമുട്ടേണ്ടിയിരുന്നത്.
ഫോഗട്ടിനെ അയോഗ്യയാക്കിയതിനുപിന്നാലെ വിഷയത്തിൽ പ്രധാമന്ത്രി നരേന്ദ്ര മോദി ഇടപെട്ടിരുന്നു. പാരിസിലുള്ള ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. അയോഗ്യയാക്കിയ നടപടി പിൻവലിക്കുന്നതിനായുള്ള മാർഗങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പരിശോധിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകുകയും ചെയ്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ പ്രധാനമന്ത്രി കുറിപ്പും പങ്കുവച്ചിരുന്നു. ചാംപ്യൻമാരുടെ ചാംപ്യനാണ് വിനേഷ് ഫോഗട്ടെന്നും ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണെന്ന് മോദി പറഞ്ഞു. വെല്ലുവിളികളെ അതിജീവിച്ച് തിരിച്ചുവരണമെന്നും ഇന്ത്യക്കാർ ഒന്നടക്കം ഒപ്പമുണ്ടെന്നും മോദി പറഞ്ഞിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here