സ്വതന്ത്ര സ്ഥാനാർത്ഥിയുടെ അറസ്റ്റിൽ രാജസ്ഥാനിൽ കലാപം; കാരണമായത് പോളിംഗ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന് എതിരെയെടുത്ത നടപടി

രാജസ്ഥാനിലെ ഡിയോളി-ഉനിയാര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടയിൽ പോളിംഗ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വ്യാപക അക്രമം. ടോങ്ക് ജില്ലയിലാണ് പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കലാപം പൊട്ടിപുറപ്പെട്ടിരിക്കുന്നത്. തനിക്ക് വോട്ടു ചെയ്യാൻ വന്നവരെക്കൊണ്ട് വേറൊരു സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യിപ്പിച്ചു എന്നാരോപിച്ചായിരുന്നു തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഡിവിഷണൽ മജിസ്‌ട്രേറ്റായ (എസ്‌ഡിഎം) അമിത് ചൗധരിയുടെ കരണത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായ നരേഷ് മീണ അടിച്ചത്.
സംരവത പോളിംഗ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എസ്ഡിഎമ്മിനെ പിന്തുണച്ച് മീണയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു നടപടി. ഇന്നലെ സംഭവം നടന്നയുടൻ മീണയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും നൂറുകണക്കിന് അനുയായികളുടെ പ്രതിഷേധം കാരണം നടന്നില്ല. പിന്നീട് വൻ പോലീസ് സന്നാഹമെത്തിയാണ് സ്ഥാനാർത്ഥിയെ പിടികൂടിയത്. ഇയാളുടെ അനുകൂലികൾ അക്രമാസക്തരായതിനെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷമാണ് അരങ്ങേറിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കുകയും വീടുകളും കടകളും തല്ലിതകർക്കുകയും ചെയ്തു. 24 വലിയ വാഹനങ്ങളും 48 മോട്ടോർ സൈക്കിളുകളുമാണ് അക്രമികൾ തീയിട്ടത്. പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) യൂണിറ്റുകളെ ഇന്ന് രാവിലെ പ്രദേശത്ത് വിന്യസിച്ചു. “മീണയെ അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമിച്ചപ്പോൾ അക്രമം പൊട്ടിപ്പുറപ്പെട്ടു. കലാപകാരികൾ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട് 60 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്” – അജ്മീർ റേഞ്ച് ഐജി ഓം പ്രകാശ് പറഞ്ഞു.
എസ്ഡിഎം അമിത് ചൗധരി മുമ്പ് നാട്ടുകാരെ ആക്രമിച്ചിട്ടുണ്ടെന്നാണ് നരേഷ് മീണയുടെ പ്രതികരണം. ഒരു സ്ത്രീയേയും ഭർത്താവിനെയും അധ്യാപകനെയും മർദ്ദിക്കുകയും മറ്റൊരാൾക്ക് വോട്ട് ചെയ്യാൻ ഭീഷണിപ്പെടുത്തിയതായും മീണ ഇന്ന് ആരോപിച്ചു. ഒക്ടോബർ 25 മുതൽ തൻ്റെ അനുയായികളെ ഉപദ്രവിച്ചു. പ്രചാരണ പോസ്റ്ററുകൾ വലിച്ചുകീറി. ആളുകൾ തനിക്ക് വോട്ട് ചെയ്യുന്നത് തടയാൻ ശ്രമിച്ചതായും മീണ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസ് സീറ്റ് നൽകാത്തതിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മീണ മത്സരിക്കുന്നത്. നാമനിർദേശ പത്രിക നൽകിയതിനെ തുടർന്ന് കോൺഗ്രസ് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ഇന്നലത്തെ സംഭവമുൾപ്പെടെ 24 കേസുകകൾ നിലവിലുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here