അക്രമത്തിൽ പൊറുതിമുട്ടി രാജ്യത്തെ ക്രിസ്ത്യാനികൾ ; 212 ദിവസത്തിനിടയിൽ 525 കേസുകൾ

ന്യൂഡൽഹി: കഴിഞ്ഞ എട്ടു മാസത്തിനിടയിൽ രാജ്യത്തെ ഹിന്ദുത്വ സംഘടനകളിൽ നിന്ന് ക്രൈസ്തവർക്ക് നേരെ 525 അക്രമസംഭവങ്ങൾ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്). മൂന്ന് സംസ്ഥാനങ്ങളിലെ പതിമൂന്നു ജില്ലകളിലായാണ് ഈ അക്രമങ്ങൾ നടന്നത്. 520 ക്രിസ്ത്യാനികൾക്ക് എതിരെ മതപരിവർത്തന നിരോധന നിയമമനുസരിച്ച് കേസ് എടുക്കുകയും ചെയ്തിട്ടുണ്ടെന്ന് യുസിഎഫിന്റെ പത്രക്കുറിപ്പിൽ പറയുന്നു.

പ്രതിദിനം മൂന്ന് അക്രമസംഭവങ്ങൾ ക്രിസ്ത്യാനികൾക്ക് നേരെ ഉണ്ടാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷത്തെ ആദ്യ 212 ദിവസങ്ങളിൽ മാത്രം 525 ആക്രമണങ്ങൾ ഉണ്ടായി എന്നത് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ വർഷം 505 അക്രമ സംഭവങ്ങളാണ് റിപോർട്ട് ചെയ്തത്. ജനസംഖ്യയിൽ കേവലം 2.3 ശതമാനം മാത്രമുള്ള ക്രൈസ്തവ ജനവിഭാഗത്തിന് നേരെയാണ് ഭയാനകമായ തരത്തിൽ അതിക്രമങ്ങൾ നടക്കുന്നത്. ഈ വർഷം ജൂണിൽ മാത്രം 89 അക്രമസംഭവങ്ങൾ നടന്നതായി യുസിഎഫിന്റെ റിപ്പോർട്ട് പറയുന്നു.

രാജ്യത്തെ 13 ജില്ലകളിൽ ക്രിസ്ത്യാനികളുടെ ജീവിതം അതീവ ദുരിതപൂർണമാണെന്നാണ് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്. സാമൂഹികമായ ഒറ്റപ്പെടുത്തലുകൾക്ക് പുറമെ മതത്തിന്റെ പേരിലുള്ള അക്രമണവും ഇവർക്ക് നേരിടേണ്ടി വരുന്നു. മധ്യപ്രദേശിലെ ബസ്തർ ജില്ലയിൽ മാത്രം 51 അക്രമങ്ങൾ ഈ വർഷം നടന്നു. യു പി, മഹാരാഷ്ട്ര ജാർഖണ്ഡ് മുതലായ സംസ്ഥാനങ്ങളിലെ ജില്ലകളിലാണ് ആക്രമണങ്ങൾ നടന്നിട്ടുള്ളത്. ക്രിസ്ത്യാനികൾക്ക് എതിരെ ഊരുവിലക്കും ഒറ്റപ്പെടുത്തലും ഏർപ്പെടുത്തിയതിന്റെ പേരിൽ 54 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഘടിത ആക്രമണങ്ങൾക്ക് പുറമെ മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അറസ്റ്റ് ചെയ്യുന്നതും പതിവാണ്. വ്യാജ കേസുകളുടെ പേരിൽ 520 ക്രിസ്ത്യാനികളെയാണ് മതപരിവർത്തന നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. 2014ന് ശേഷം ക്രിസ്ത്യാനികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ക്രമാതീതമായി വർധിച്ചു വരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2014 ൽ 147 , 2015 ൽ 177, 2016ൽ 208, 2017ൽ 240 , 2018ൽ 292, 2019ൽ 328, 2020ൽ 279, 2021ൽ 505, 2022ൽ 599, 2023ലെ ആദ്യ 212 ദിവസങ്ങളിലായി മാത്രം 525 അക്രമകേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മണിപ്പൂരിൽ ക്രിസ്ത്യാനികൾക്ക് എതിരായി നടക്കുന്ന അക്രമസംഭവങ്ങളെക്കുറിച്ച് കാര്യമായ പരാമർശങ്ങൾ ഇല്ല. 300 ക്രൈസ്തവ ദേവാലയങ്ങൾ നശിപ്പിച്ചത് കൂടാതെ 200ൽ അധികം പേർ കൊല്ലപ്പെട്ടുവെന്നാണ് യുസിഎഫിന്റെ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്തെ ക്രിത്യാനികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top