പട്ടുമെത്തയിൽ നിന്നിറങ്ങി ജയിലിൻ്റെ തറയിൽ കിടക്കേണ്ടിവന്നവർ; പദവികളുടെ പ്രാമാണിത്വം പോയി നമ്പർ മാത്രമായി വിളിക്കപ്പെട്ടവർ; പട്ടികയിതാ

അധികാരത്തിൻ്റെയും ആഡംബരത്തിൻ്റെയും അത്യുന്നതിയിൽ നിന്ന് ഒറ്റ വീഴ്ചയിൽ കേരളത്തിലെ ജയിലുകളുടെ വെറും തറയിലേക്ക് വീണുപോയവരുടെ അനുഭവം ഞെട്ടിക്കുന്നതാണ്.ഈ പട്ടികയിലെ അവസാനയാളാണ് ബോബി ചെമ്മണ്ണൂര്‍. ഹണി റോസിൻ്റെ പരാതിയിൽ അപ്രതീക്ഷിതമായി അറസ്റ്റിലായ ബോബിക്ക് മുൻകൂർ ജാമ്യത്തിന് പോലും സാവകാശം കിട്ടിയില്ല. ആദ്യ ജാമ്യാപേക്ഷ തള്ളിപ്പോയ ശേഷം ഇന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോഴാകട്ടെ അടിയന്തര പ്രാധാന്യമില്ലെന്ന് നിരീക്ഷിച്ച് ഹർജി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്നലെ റിമാന്‍ഡ് വിവരം അറിഞ്ഞപ്പോൾ തന്നെ പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു പോയി ബോബി. നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ ചപ്പാത്തിയും ചോറും തിന്ന് കഴിയുകയാണ്.

പത്മശ്രീ സുന്ദര്‍മേനോന്‍

ബോബി ചെമണ്ണൂരിന് തൊട്ടുമുമ്പ് ജയിലിലായ മറ്റൊരു വ്യവസായി പത്മശ്രീ സുന്ദര്‍ മേനോനായിരുന്നു. പ്രവാസി വ്യവസായി എന്ന ലേബലില്‍ ലഭിച്ച പതമശ്രീയുമായി തൃശൂര്‍ കേന്ദ്രമാക്കി സുന്ദര്‍മേനോന്‍ നടത്തിയത് 30 കോടിയുടെ നിക്ഷേപ തട്ടിപ്പായിരുന്നു. ഇതിന് കൂട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്നു. തൃശൂര്‍ പൂരം നടത്തിപ്പും തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സ്ഥാനവും മറയാക്കി വിശ്വാസ്യത നേടിയായിരുന്നു പേപ്പര്‍ കമ്പനികളിലൂടെ തട്ടിപ്പ് നടത്തിയത്. ഇവരുടെ സ്ഥാപനങ്ങളിലേക്ക് പണം ഒഴുകിയെത്തിയതിന് പിന്നില്‍ സുന്ദര്‍ മേനോന്‍ പലവിധ സ്വാധീനം ഉപയോഗിച്ച് നേടിയ പത്മശ്രീ അടക്കം പദവികള്‍ തന്നെയാണ്. വാർത്ത നൽകാതെ മാധ്യമങ്ങളും കൈയ്യയച്ചു സഹായിച്ചെങ്കിലും ജയിലിൽ എത്തിയതോടെ നരകജീവിതമായി.

മുഹമ്മദ് നിഷാം

കേരള മനസാക്ഷിയെ മുഴുവന്‍ ഞെട്ടിച്ചതായിരുന്നു തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിന്റെ ക്രൂരമായ കൊലപാതകം. കൊല നടത്തിയത് വ്യവസായിയായ മുഹമ്മദ് നിഷാമായിരുന്നു. കാറിടിച്ചും ക്രൂരമായി മര്‍ദ്ദിച്ചുമായിരുന്നു കൊലപാതകം. ഗേറ്റ് തുറക്കാന്‍ വൈകിയതും ഐഡി കാര്‍ഡ് ചോദിച്ചതുമാണ് ഈ ക്രൂരനായ മൊതലാളിയെ പ്രകോപിപ്പിച്ചത്. വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം അതേ വാഹനത്തില്‍ ബലമായി കയറ്റി പാര്‍ക്കിങ് ഏരിയയില്‍ എത്തിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. വാരിയെല്ലും നട്ടെല്ലും തകര്‍ന്ന മര്‍ദ്ദനത്തെ തുടര്‍ന്നാണ് ചന്ദ്രബോസ് മരിച്ചത്.

500 കോടിയുടെ ആസ്തിയുടെ അഹങ്കാരത്തിലായിരുന്നു കിംഗ്‌സ് ബിഡി ഉടമയുടെ ആംഡംബര ജീവിതം. ആറു വര്‍ഷത്തിനിടെ 16 കേസിലാണ് നിഷാം പ്രതിയായത്. ഒന്‍പത് വയസുള്ള മകനെ കൊണ്ട് കാറോടിപ്പിച്ചും വൈരാഗ്യം തോന്നുന്നവരെ ആക്രമിച്ചും നടന്ന നിഷാമിന് പക്ഷേ ചന്ദ്രബോസ് വധക്കേസില്‍ അതുവരെയുണ്ടായിരുന്ന ബന്ധങ്ങളൊന്നും തുണയായില്ല. ജീവപരന്ത്യവും 24 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഈ കൊടുംക്രിമിനല്‍. ജയിലിലും നിഷാം നല്ല നടപ്പിലല്ല. ജയിലില്‍ നിന്നും വിളിച്ച് വധഭീക്ഷണി മുഴക്കുകയാണെന്ന് നിസാമിന്റെ സഹോദരങ്ങളായ അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ്,ബിസിനസ് പാര്‍ട്ണര്‍ ബഷീര്‍ അലി എന്നിവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

രാജ്‌മോഹന്‍ പിള്ള

കേരളത്തിലെ മറ്റൊരു പ്രധാന വ്യവസായിയായ രാജ്‌മോഹന്‍ പിള്ള ജയിലിലായത് ബലാത്സംഗക്കേസിലാണ്. കശുവണ്ടി കയറ്റുമതി വ്യവസായിയും ഐടി കമ്പനി ഉടമയുമായ പിളള പീഡിപ്പിച്ചു എന്ന് ഒറീസക്കാരിയാണ് പരാതി നല്‍കിയത്. രണ്ടുമാസം ഗര്‍ഭിണിയായ സ്ത്രീ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടറാണ് വിവരം പോലീസിൽ അറിയിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത് കേസ് മ്യൂസിയം പൊലീസിന് കൈമാറി. സ്ത്രീ മൊഴിയില്‍ ഉറച്ചുനിന്നതോടെ രാജ്മോഹന്‍പിള്ളയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. രാജ്യത്തെ പ്രധാന ബിസ്‌ക്കറ്റ് വ്യവസായി അയിരുന്നു രാജന്‍ പിള്ളയുടെ സഹോദരനാണ് രാജ്‌മോഹന്‍ പിള്ള.

ദിലീപ്

കൊച്ചി നഗരത്തിൽ ഓടുന്ന വാഹനത്തിൽ യുവനടി അതിക്രമം നേരിട്ടതിൽ നേരിട്ട് പങ്കില്ലെങ്കിലും മാസങ്ങൾക്ക് ശേഷം പ്രതിയായി അറസ്റ്റിലായ നടൻ ദിലീപ് ജയിലിൽ കഴിഞ്ഞത് റിമാൻഡ് തടവുകാരനായാണ്. എന്നാൽ ഈ പതനം സമീപകാലത്ത് കേരളത്തെ ഞെട്ടിച്ചത് പോലെ മറ്റൊരു സംഭവം ഉണ്ടായിട്ടില്ല. 85 ദിവസത്തോളമാണ് താരം ജയിലില്‍ കഴിഞ്ഞത്. കേസ് ഇപ്പോഴും വിചാരണ ഘട്ടത്തിലാണ്. ജയില്‍ വാസത്തിൽ ദിലീപ് നേരിട്ട ദുരിതം പുറത്തറിയിച്ചത് അന്നത്തെ ജയില്‍ ഡിജിപി ആർ ശ്രീലേഖയായിരുന്നു. ദിലീപിനെ അവശനിലയില്‍ കാണുന്നതുവരെ അതിജീവിതയായ നടിക്കൊപ്പമായിരുന്നു എന്നും അതിന് ശേഷം കേസിനെ കുറിച്ച് പഠിക്കുകയും ദിലീപ് നിരപരാധിയാണെന്ന് മനസിലാക്കുകയും ചെയ്തു എന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം.

ആർ ബാലകൃഷ്ണപിള്ള

പലവട്ടം മന്ത്രിയായും എംഎല്‍എയായും അധികാരചക്രം തിരിച്ച ആര്‍ ബാലകൃഷ്ണ പിള്ള തടവുശിക്ഷയുടെ കാഠിനം നേരിട്ട് അനുഭവിച്ച ഏറ്റവും പ്രമാണിമാരിൽ ഒരാളാണ്. ജയിൽ മന്ത്രിയായി പോലും പ്രവർത്തിച്ച പിള്ള കേരള ചരിത്രത്തില്‍ അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെട്ട ഏക മന്ത്രിയാണ്. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം തടവായിരുന്നു സുപ്രീം കോടതി വിധിച്ചത്. എന്നാല്‍ ജയിലില്‍ കഴിഞ്ഞത് ആകെ 69 ദിവസം മാത്രം. പലവിധ അസുഖങ്ങൾ പരിഗണിച്ച് ജയിലിലെ ആശുപത്രി ബ്ലോക്ക് കിട്ടിയതിനാൽ തറയിൽ കിടക്കേണ്ടി വന്നില്ലെന്ന് മാത്രം. അതിനിടയിൽ ജയിലിൽ നിന്നുള്ള മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ പേരിൽ വിവാദത്തിലുമായി. പ്രായാധിക്യം കണക്കിലെടുത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കിയാണ് ഒടുവിൽ പുറത്തിറക്കിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ റിമാൻഡ് തടവുകാരനായാണ് ജയിലിൽ എത്തിയത്. 2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്തുവെന്ന പരാതി നല്‍കിയ കന്യാസ്ത്രീ അതിൽ ഉറച്ചുനിന്നതോടെയാണ് കേസായതും ബിഷപ്പ് അറസ്റ്റിലായതും. അറസ്റ്റ് ഒഴിവാക്കാന്‍ നടന്ന നീക്കങ്ങള്‍ ഏറെയായിരുന്നു. പരാതി നല്‍കിയ കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തിയും സഹോദരനെ കള്ളകേസില്‍ കുടുക്കിയും സ്വഭാവ ശുദ്ധിയെ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തും വേട്ടക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചു. എന്നാല്‍ കന്യാസ്ത്രീ പരാതിയില്‍ ഉറച്ച് നിന്നതോടെ ബിഷപ്പ് അറസ്റ്രിലായി. 25 ദിവസമാണ് ജയിലിലും കിടന്നത്. അതേസമയം വിചാരണയിൽ ഫ്രാങ്കോ കുറ്റവിമുക്തനാകുകയും ചെയ്തു.

മുൻ ഐജി ലക്ഷ്മണ

കേരള പോലീസിൻ്റെ തലപ്പത്ത് സകല പ്രതാപത്തോടെയും ജോലിചെയ്ത് വിരമിച്ച ശേഷമാണ് ലക്ഷ്മണ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെ തേടി അനിവാര്യമായ വിധിയെത്തിയത്. നക്സല്‍ വര്‍ഗീസിനെ വെടിവച്ച് കൊന്നത് അദ്ദേഹത്തിൻ്റെ നിർബന്ധപ്രകാരമാണ് എന്ന മുൻ കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തൽ വൻ കോളിളക്കമാണ് ഉണ്ടാക്കിയത്. പിന്നീട് സിബിഐയുടെ അന്വേഷണത്തിൽ രണ്ടാം പ്രതിയായ ലക്ഷ്മണയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് ജയിലിലേക്കുള്ള വഴി തെളിഞ്ഞത്. ലക്ഷ്മണയ്ക്ക് സിബിഐ കോടതി ജീവപര്യന്തം തടവാണ് വിധിച്ചത്. 2010 ഒക്ടോബര്‍ മുതല്‍ രണ്ടേമുക്കാല്‍ വര്‍ഷത്തോളം അദ്ദേഹം ജയിലില്‍ കഴിഞ്ഞു.75 വയസായവരെ വിട്ടയയ്ക്കാമെന്ന ചട്ടമനുസരിച്ച് 2013 ജൂലൈയില്‍ ലക്ഷ്മണയെ സര്‍ക്കാര്‍ ജയില്‍മോചിതനാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top