സൂപ്പർമാൻ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ; ബിരിയാണി കിസയ്ക്കു ശേഷം കിരൺ നാരായണൻ ചിത്രം എത്തുന്നു
ഒരു നാടിൻ്റെ ആചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട കുടുംബ ബന്ധങ്ങളുടെ കഥയാണ് പറഞ്ഞത് ബിരിയാണി കിസക്കു ശേഷം കിരൺ നാരായണൻ തൻ്റെ പുതിയ ചിത്രം ആരംഭിക്കുന്നു. താരകാര പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം ഗ്രാമപശ്ചാത്തലത്തിലൂടെ ഒരു സംഘം കുട്ടികളുടെ സ്വപ്നസാക്ഷാത്ക്കാരത്തിൻ്റെ കഥയാണ് പറയുന്നത്.
സൂപ്പർമാൻ കഥകൾ വായിച്ചും കേട്ടറിഞ്ഞും അമാനുഷിക കഥാപാത്രത്തെ നെഞ്ചിലേറ്റിയ നാലു കുട്ടികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചിത്രത്തിൻ്റെ അവതരണം. സൂപ്പർമാനെ നായകനാക്കി സിനിമ ചെയ്യുകയെന്നതായിരുന്നു ഇവരുടെ ഏറ്റവും വലിയ മോഹം. അതിനായി നാട്ടിൽ സംവിധാന മോഹവുമായി നടക്കുന്ന യുവാവിന്റെ സഹായം തേടുകയാണ് കുട്ടിസംഘം. സൂപ്പർമാൻ സിനിമ എന്ന ഉദ്യമം നിറവേറ്റാൻ യുവാവും കുട്ടികളും നടത്തുന്ന ശ്രമങ്ങളാണ് തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ കിരൺ നാരായണൻ തന്റെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ സംവിധായക മോഹിയായ യുവാവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളികപ്പുറത്തിലൂടെ ശ്രദ്ധേയനായ ശീപദ്, ധ്യാൻ നിരഞ്ജൻ എന്നിവരാണ് കുട്ടിക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്, വിജിലേഷ്, ബിനു തൃക്കാക്കര, അഞ്ജലി നായർ എന്നിവരും പ്രധാന താരങ്ങളാണ്.
കിരൺ നാരായണൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും. കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകരും. ഏപ്രിൽ 21 മുതൽ കോഴിക്കോട് ചിത്രീകരണം ആരംഭിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here