ബോളിവുഡ് എന്നെ ഒതുക്കാൻ തുടങ്ങി; കുടുംബത്തെ നോക്കാൻ ബിസിനസിലേക്ക് തിരിഞ്ഞു: വിവേക് ഒബ്റോയ്

അഭിനേതാവിൽനിന്നും ബിസിനസുകാരനിലേക്ക് ചുവടു മാറ്റിയിരിക്കുകയാണ് ബോളിവുഡ് നടൻ വിവേക് ഒബ്റോയ്. തന്റെ കരിയർ മാറ്റത്തിനു പിന്നിലെ കാരണമെന്തെന്ന് അടുത്തിടെ നടൻ തുറന്നു പറഞ്ഞിരുന്നു. ബോളിവുഡിൽ ഒരു മൂലയിലേക്ക് തള്ളപ്പെട്ടപ്പോഴാണ് താൻ നിക്ഷേപകനായതും ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുമെന്നുമാണ് നടൻ പറഞ്ഞത്. സിനിമകളിൽ നിന്നും മറ്റു പരിപാടികളിൽനിന്നുള്ള വരുമാനം വളരെ കുറഞ്ഞു തുടങ്ങിയപ്പോഴാണ് ബിസിനസിൽ കൂടുതൽ ശ്രദ്ധിച്ചതെന്നും നടൻ വ്യക്തമാക്കി.

”നടനാകുന്നതിന് മുൻപേ ഞാൻ ബിസിനസിലേക്ക് കടന്നിരുന്നു. ചെറിയ ജോലികളിലൂടെ സമ്പാദിക്കാൻ തുടങ്ങിയപ്പോൾ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കാൻ തുടങ്ങി. എനിക്ക് 16- 17 വയസ്സുള്ളപ്പോൾ സ്റ്റോക്ക് മാർക്കറ്റ് പോർട്ട്ഫോളിയോ ആരംഭിച്ചു. ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിൽ ആദ്യമായി ബിസിനസ് തുടങ്ങുമ്പോൾ എനിക്ക് 19 വയസ്സായിരുന്നു. 21-ാം വയസിൽ എന്റെ ഓഹരി വിറ്റ് തുടർ പഠനത്തിനായി ന്യൂയോർക്കിലേക്ക് പോയി. നാട്ടിൽ തിരിച്ചെത്തി നടനായി, കമ്പനി സംഭവിച്ചു, സാതിയ സംഭവിച്ചു. ജീവിതം നല്ലതായിരുന്നു, പക്ഷേ എപ്പോഴും ഞാനൊരു നിക്ഷേപകനായി തുടരാൻ ആഗ്രഹിച്ചു. ഒരു ആക്ടീവ് ബിസിനസുകാരനായി തുടർന്നത് പിന്നീട് എന്നെ സഹായിച്ചു,” വിവേക് പറഞ്ഞു.

ബോളിവുഡിലെ മികച്ചൊരു നടനായതിനുശേഷവും ബുദ്ധിമുട്ടുകൾ നേരിടാൻ തുടങ്ങി. എന്റെ കഴിവ് തെളിയിച്ചതിന് ശേഷവും വെല്ലുവിളികൾ നേരിടേണ്ടി വന്നു, എനിക്ക് സിനിമകളൊന്നും ലഭിക്കാതെ വന്നത് മറ്റൊരു തരത്തിലുള്ള സമ്മർദം ഉണ്ടാക്കി. കാരണം, സിനിമയായിരുന്നു എന്റെ വരുമാന സ്രോതസ്സ്. ബിസിനസിലൂടെയും സിനിമയിൽ അഭിനയിച്ചും പരിപാടികൾ ചെയ്തും സമ്പാദിച്ച പണം കൊണ്ടാണ് എന്റെ വീട്, ചാരിറ്റബിൾ ഫൗണ്ടേഷൻ എന്നിവ നടത്തിക്കൊണ്ടിരുന്നത്. അതിൽനിന്നുള്ള വരുമാനമാണ് എന്റെ ജീവനക്കാർക്ക് ശമ്പളമായി നൽകിയത്.

ഞാൻ വൃന്ദാവനിൽ ഒരു സ്കൂൾ നടത്തുന്നു, കാൻസർ രോഗികളെ സഹായിക്കുകയായിരുന്നു. പതിയെ സിനിമയിൽ നിന്നുള്ള എന്റെ വരുമാനം കുറഞ്ഞു തുടങ്ങി, റോളുകൾ കിട്ടാതെ വന്നതോടെ ഈ കാര്യങ്ങളെല്ലാം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. അതിനാൽ, എനിക്ക് സാമ്പത്തികമായി സുരക്ഷിതത്വം ആവശ്യമായിരുന്നു. ഞാൻ ആരോടും പണം ചോദിച്ചിട്ടില്ല, ഞാൻ എന്റെ പിതാവിനോട് ചോദിച്ചിട്ടില്ല, അതിനാൽ ഞാൻ മറ്റാരോടും ചോദിക്കില്ല. അപ്പോഴാണ് ഞാൻ ആക്ടീവായി ബിസിനസിൽ ശ്രദ്ധിച്ചത്. റിയൽ എസ്റ്റേറ്റിൽ എത്തി, ചില കമ്പനികൾ സ്ഥാപിച്ചു, ചില ടെക്നോളജി കമ്പനികൾ വളർന്നു. ഇന്ന് ഞാൻ ഏകദേശം 29 കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് നടൻ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top