പാക്കിസ്ഥാന് 220 മില്യൻ ഡോളർ നൽകുന്ന ന്യൂയോർക്ക് ഹോട്ടൽ!! ചർച്ചയായി അമേരിക്കൻ വ്യവസായി വിവേക് രാമസ്വാമിയുടെ ആരോപണം

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാൻ പാക്കിസ്ഥാൻ സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ഹോട്ടലിന് ന്യൂയോർക്ക് സിറ്റി 220 മില്യൺ ഡോളർ നൽകുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രമുഖ അമേരിക്കൻ വ്യവസായി വിവേക് രാമസ്വാമി. പൗരൻമാരുടെ നികുതിപ്പണം ഇത്തരത്തിൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിപ്പിച്ചവരെ പാര്‍പ്പിക്കാന്‍ വിദേശ രാജ്യത്തിന് നൽകുന്നുവെന്നാണ് കുറ്റപ്പെടുത്തൽ.

മാൻഹട്ടനിലെ 1,200 മുറികളുള്ള റൂസ്‌വെൽറ്റ് ഹോട്ടലിനെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുൻ യുഎസ് പ്രസിഡൻ്റ് തിയോഡോർ റൂസ്‌വെൽറ്റിൻ്റെ പേരിലുള്ള 19 നിലകളുള്ള ഹോട്ടല്‍ ഇപ്പോള്‍ പാക്കിസ്ഥാൻ സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പറയുന്ന 2023ലെ ഒരു റിപ്പോർട്ട് ജോൺ ലെഫെവ്രെ എന്നയാള്‍ എക്സിൽ പങ്കുവച്ചിരുന്നു. പാക്കിസ്ഥാൻ്റെ അന്താരാഷ്ട്ര കടത്തിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ 1.1 ബില്യൺ ഡോളറിൻ്റെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ബെയ്ഔട്ട് പാക്കേജിൻ്റെ (bailout package) ഭാഗമായിരുന്നു ഈ ഇടപാട് എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഈ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ടാണ് വിവേക് രാമസ്വാമി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ലെഫെവ്രെയുടെ പോസ്റ്റും അദ്ദേഹം എക്സിൽ പങ്കുവച്ചു.

അമേരിക്കയിൽ രണ്ടാം തവണ അധികാരത്തിലെത്തിയ ഡൊണാൾഡ് ട്രംപിൻ്റെ ക്യാബിനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ വിവേക് രാമസ്വാമി. ട്രംപ് ഭരണകൂടം പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) ചുമതല വഹിക്കാൻ തിരഞ്ഞെടുത്തത് സോഷ്യൽ മീഡിയയായ എക്സ് സിഇഒ ഇലോൺ മസ്കിനെയും 39കാരനായ വിവേക് രാമസ്വാമിയെയുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top