48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; കിണറിടിഞ്ഞ് അപകടത്തില്‍പ്പെട്ട മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം വിഴിഞ്ഞത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ടയാളുടെ മൃതദേഹം പുറത്തെടുത്തു. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവിലാണ് തമിഴ്നാട് പാര്‍വതിപുരം സ്വദേശി മഹാരാജന്റെ (55) മൃതദേഹം കിണറില്‍ നിന്നും പുറത്തെടുത്തത്. റിങ് ഇളകി വീണാണ് മഹാരാജൻ അപകടത്തിൽ പെട്ടത്. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ പോലീസിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിലായിരുന്നു രക്ഷാ ദൗത്യം. കൊല്ലത്ത് നിന്ന് എത്തിച്ച കിണറുപണിക്കാരുടെ വിദഗ്ധ സംഘവും സ്ഥലത്തുണ്ട്.

മുക്കോല സർവശക്തിപുരം റോഡിൽ അശ്വതിയിൽ സുകുമാരന്റെ വീട്ടിൽ ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം ഉണ്ടായത്. എൻ.ഡി.ആർ.എഫ് സംഘം, അൻപതിലധികം അഗ്നിരക്ഷാസേനാംഗങ്ങൾ, 25-ലധികം പോലീസുകാർ, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കിണർനിർമാണത്തിൽ വൈദഗ്ധ്യമുള്ള 25-തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ളവർ രണ്ടുദിവസമായി രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. ഡെപ്യൂട്ടി കളക്ടറടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

അതേസമയം, മഹാരാജന് ഒപ്പം കിണറിലുണ്ടായിരുന്ന മണികണ്ഠൻ (48) അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞവർഷത്തെ മഴയിൽ കിണറിലെ ഉറകൾ പൊട്ടി മണ്ണിടിഞ്ഞിരുന്നു. ഇതോടെ പഴയ ഉറകൾ മാറ്റാനാണ്‌ മഹാരാജൻ ഉൾപ്പെട്ട സംഘം എത്തിയത്‌. മഹാരാജനും മണികണ്ഠനുമാണ്‌ കിണറിലിറങ്ങിയത്‌. വിജയൻ, ശേഖരൻ, കണ്ണൻ എന്നിവർ കരയിലുമായിരുന്നു. ഇതിനിടെ ചെറിയ തോതിൽ മണ്ണിടിച്ചിലും വെള്ളമിറങ്ങുന്നതും കണ്ട് ഉള്ളിലുണ്ടായിരുന്നവരോട്‌ കരയ്‌ക്കു കയറാൻ ഇവർ വിളിച്ചുപറഞ്ഞു. എന്നാൽ, ഇവർ കയറുംമുമ്പേ കിണറിന്റെ മധ്യഭാഗത്തുനിന്ന് പഴയ കോൺക്രീറ്റ് റിങ് തകർന്ന് മഹാരാജനുമൊപ്പം വീണു. മണികണ്ഠൻ കയറിൽ പിടിച്ചുകയറി. മണ്ണിനൊപ്പം കോണ്‍ക്രീറ്റ് റിങ്ങുകളും വീണതാണ് അപകടം രൂക്ഷമായത്‌. അഗ്‌നിരക്ഷാസേന ഉടൻ എത്തിയെങ്കിലും രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top