ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് വിഴിഞ്ഞം സീപോര്‍ട്ട്‌ എംഡിയെ മാറ്റി; ഐഎഎസ് തലപ്പത്തും വ്യാപക അഴിച്ചുപണി

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനത്തിന് രണ്ട് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്‌ എംഡിയെ മാറ്റി. എംഡിയായിരുന്ന ഡോ.അദീല അബ്ദുള്ളയെ മാറ്റിയാണ് പത്തനംതിട്ട കളക്ടറായ ദിവ്യ.എസ്.അയ്യരെ നിയമിച്ചത്. കേരള സോളിഡ് വേസ്റ്റ് മാനെജ്മെന്റ് പ്രോജക്റ്റ് ഡയറക്ടറുടെ അധിക ചുമതല കൂടി ദിവ്യയ്ക്ക് നല്‍കിയിട്ടുണ്ട്. സാമൂഹ്യസുരക്ഷാമിഷന്‍ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ ആയിരുന്ന ഷിബു എ. ആണ് പുതിയ പത്തനംതിട്ട കളക്ടര്‍.

വിഴിഞ്ഞത്ത് കപ്പൽ എത്തുന്നതിന് തൊട്ടു മുന്‍പാണ് എംഡിയെ മാറ്റിയിരിക്കുന്നത്. കൂടുതൽ വകുപ്പുകളുടെ ആധിക്യം കൊണ്ട് അദീലക്ക് മാറ്റം എന്നാണ് വിശദീകരണം. വിഴിഞ്ഞം പ്രശ്നങ്ങളില്‍ ലത്തീൻ സഭയുമായി ചർച്ച നടത്തിയിരുന്നത് അദീലയായിരുന്നു.

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്‌ എംഡിയെ മാറ്റുന്നതുള്‍പ്പെടെ വ്യാപക അഴിച്ചുപണിയാണ് ഐഎസ് തലപ്പത്ത് നടന്നത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട തുടങ്ങി ആറ് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിച്ചു. ഡല്‍ഹി കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ ആയിരുന്ന സൗരബ് ജയിനിനെ തൊഴില്‍ നൈപുണ്യവകുപ്പ് സെക്രട്ടറിയാക്കി മാറ്റി നിയമിച്ചു. ഈ വകുപ്പിലെ സെക്രട്ടറിയായിരുന്ന അജിത്‌ കുമാറിനെ കേരള ഹൗസ് റെസിഡന്റ് കമ്മീഷണറാക്കി. ഭക്ഷ്യപൊതുവിതരണ സെക്രട്ടറിയുടെ അധികചുമതലയും അജിത്‌ കുമാര്‍ വഹിക്കും. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ചേതന്‍കുമാര്‍ മീണയെ കേരള ഹൗസിലെ അഡീഷണല്‍ റെസിഡന്റ് കമ്മീഷണറാക്കിയിട്ടുമുണ്ട്. .ആലപ്പുഴ കളക്ടര്‍ ആയിരുന്ന ഹരിത വി. കുമാറിനെ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറാക്കി. മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറായ എന്‍.ദേവിദാസനെ കൊല്ലം കളക്ടറാക്കി.

മലപ്പുറം ജില്ലാ കളക്ടര്‍ ആയിരുന്ന പ്രേംകുമാര്‍ വി.ആറിനെ പഞ്ചായത്ത് ഡയറക്ടറാക്കി. കൊല്ലം കളക്ടറായിരുന്ന അഫ്സാന പര്‍വേഷ് ആണ് ഫുഡ്‌ സേഫ്റ്റി കമ്മീഷണര്‍. ഈ സ്ഥാനം വഹിച്ചിരുന്ന വിനോദ് വി.ആറിനെ മലപ്പുറം ജില്ലാ കളക്ടറാക്കി. പ്രവേശന പരീക്ഷ കമ്മീഷണര്‍ ആയിരുന്ന അരുണ്‍ കെ.വിജയനെ കണ്ണൂര്‍ കളക്ടറായി നിയമിച്ചു. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ സുധീര്‍ കെ.യാണ് പ്രവേശന പരീക്ഷ കമ്മീഷണര്‍. സ്നേഹില്‍കുമാര്‍ സിംഗ് ആണ് കോഴിക്കോട് ജില്ലാ കളക്ടര്‍. ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി സാമുവലിനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി.

പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി അഞ്ജന എം ന് പിന്നോക്ക വിഭാഗ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറുടേയും പോട്ടറി മാനുഫക്ചറിംഗ് മാര്‍ക്കറ്റിംഗ് ആന്റ് വെല്‍ഫെയര്‍ കോര്‍പറേഷന്‍ എംഡിയുടേയും അധിക ചുമതല നല്‍കി. പഞ്ചായത്ത് ഡയറക്ടര്‍ എച്ച്.ദിനേശനെ ശിശുവികസനവകുപ്പ് ഡയറക്ടറാക്കി മാറ്റി നിയമിച്ചു. ഈ സ്ഥാനം വഹിച്ചിരുന്ന പ്രിയങ്ക ജിയെ പ്രോഗ്രാം ഇംപ്ലിമെന്റെഷന്‍ ഡെപ്യൂട്ടി ഡയറക്ടറാക്കി.

കെടിഡിസി എംഡി ശിഖാ സുരേന്ദ്രനെ ആരോഗ്യകുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറിയാക്കി. കെടിഡിസി എംഡി ചുമതലയും ഒപ്പം വഹിക്കണം. കേരള വാട്ടര്‍ അതോറിറ്റി ജോയിന്റ് എംഡി ഡോ.ദിനേശന്‍ ചെറുവത്തിന് ഭൂജലവകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കി. വ്യവസായവകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസിന് വ്യവസായവികസന കോര്‍പറേഷന്‍ എക്സിക്യൂട്ടീവ്‌ ഡയറക്ടറുടെയും കയര്‍വികസനവകുപ്പ് ഡയറക്ടറുടേയും അധിക ചുമതല നല്‍കി.

എന്നാല്‍ ഇടുക്കി ജില്ലാ കലക്‌ടർ ഷീബ ജോർജിനെ മാറ്റിയിട്ടില്ല. അനുമതിയില്ലാതെ ഇടുക്കി ജില്ലാ കലക്ടറെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി റിലീവ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top