കേരളീയത്തിന് 27 കോടി; വിഴിഞ്ഞത്തിന് മെല്ലെപ്പോക്ക്; സർക്കാരിൻ്റെ വികസന അജണ്ട ഇങ്ങനെ…

ആർ.രാഹുൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ തുടർ നിർമ്മാണ പദ്ധതികൾക്കുള്ള തുക അനുവദിക്കുന്നതിൽ സർക്കാരിന് മെല്ലെപ്പോക്ക്. വിഴിഞ്ഞം സീപോർട്ട് എംഡി ആവശ്യപ്പെട്ട തുകയുടെ അഞ്ച് ശതമാനം മാത്രമാണ് അനുവദിച്ചത്. അതും ആറുമാസത്തെ കാത്തിരിപ്പിന് ശേഷം ഉദ്ഘാടനത്തിന് രണ്ടു ദിവസം മുൻപ് മാത്രം. 338.61 കോടി രൂപ അനുവദിക്കണമെന്ന് വിഴിഞ്ഞം സീപോർട്ട് എംഡിയായിരുന്ന അദീല അബ്ദുളള സർക്കാരിനോട് ആവശ്യപ്പെട്ടത് ഏപ്രിൽ 28നായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച സർക്കാർ അനുവദിച്ചത് വെറും 16.5 കോടി മാത്രം. ഇത് വ്യക്തമാക്കുന്ന തുറമുഖ വകുപ്പിൻ്റെ ഒക്ടോബർ 13ലെ ഉത്തരവ് ആണ് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നത്.

വിഴിഞ്ഞത്തിന് ഈ നാമമാത്ര തുക അനുവദിച്ച അതേ ദിവസം തന്നെയാണ് കേരളീയം പരിപാടിക്ക് 27.12 കോടി അനുവദിച്ച് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ഏഴ് ദിവസം നീളുന്ന തിരഞ്ഞെടുപ്പ് പ്രചരണമാണ് കേരളീയം എന്ന വിമർശനം ഉയരുന്നതിനിടയിലാണ് ഈ തുക അനുവദിച്ചത്. 85 ലക്ഷം രൂപയാണ് കേരളീയം ഫുഡ് കമ്മിറ്റിക്ക് മാത്രം നീക്കിവച്ചിരിക്കുന്നത്. കേരളത്തിൻ്റെ സ്വപ്നപദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന വിഴിഞ്ഞം തുറമുഖത്തിന് നൽകുന്നതിനേക്കാൾ എകദേശം 11 കോടി രൂപയാണ് കേരളീയം പരിപാടിക്ക് നൽകിയത് എന്ന് ചുരുക്കം.
വിഴിഞ്ഞം ഉള്‍പ്പെടെയുള്ള വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 360 കോടി 2023-24 ലെ ബജറ്റില്‍ നീക്കിവച്ചിരുന്നു. ഇതില്‍ നിന്നും 2023 സെപ്റ്റംബറിന് മുന്‍പ് 338.61 കോടി അനുവദിക്കണമെന്ന് ആയിരുന്നു ഏപ്രിൽ 28ന് നൽകിയ കത്തിൽ എംഡി ആവശ്യപ്പെട്ടത്. ജൂൺ 24ന് കത്ത് പരിശോധിച്ച ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി തലവനായ ഹൈപവര്‍ കമ്മറ്റിയാണ് 16.25 കോടി മതിയെന്ന് തീരുമാനമെടുത്തത്.

ഏഴ് ഇനങ്ങള്‍ക്കായാണ് സർക്കാർ 16.25 കോടി അനുവദിച്ചത്. ബൗണ്ടറി വാള്‍ നിര്‍മ്മാണത്തിന് 1 കോടി , പ്രോജക്ട് സ്റ്റഡിക്ക് 50 ലക്ഷം, സീഫുഡ് പാര്‍ക്കിന്റെ ഡിപിആര്‍ തയ്യാറാക്കാൻ 2 കോടി, പ്രോജക്ടിന് ഉള്ള നിയമ, സാങ്കേതിക ഉപദേശം, ഭരണപരമായ ചെലവുകള്‍ക്കും എഞ്ചിനീയര്‍മാരുടെ ശമ്പളത്തിനും 6 കോടി, ആർബിട്രേഷന്‍ ഫീസായി 5 കോടി, വെബ്സൈറ്റിന് 25 ലക്ഷം, പിആര്‍ സെല്ലിന് 1.50 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.
ഇവയ്ക്കെല്ലാം പുറമേയാണ് വിഴിഞ്ഞം തുറമുഖം ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചിലവുകൾ. ചടങ്ങിന് മാത്രം 67.55 ലക്ഷം രൂപ ചിലവായി. പിണറായി വിജയൻ നിറഞ്ഞുനിന്ന പത്രങ്ങളുടെ ഒന്നാം പേജ് പരസ്യങ്ങൾക്ക് ഒരു കോടിയിലേറെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സർക്കാരിൻ്റെ വികസന നേട്ടമായി ഉയർത്തിക്കാണിക്കാൻ മുഖ്യമന്ത്രിയുടെ ചിത്രം ചേർത്ത് ഫ്ലക്സ് അടിച്ചത് അടക്കം പ്രചാരണത്തിൻ്റെ ചിലവ് ഇതിനെല്ലാം പുറമെയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here