സർക്കാർ വാക്ക് പാലിക്കാത്തതിനാൽ ഗൃഹനാഥൻ ജീവനൊടുക്കി; മൃതദേഹവുമായി പ്രതിഷേധിക്കാൻ നാട്ടുകാർ
വിട്ടുകൊടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കിളിമാനൂർ സ്വദേശി കെവി ഗിരിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഇദ്ദേഹം 2023ൽ തൻ്റെ ഭൂമി വിട്ടുനൽകിയിരുന്നു. എന്നാൽ നഷ്ടപരിഹാര തുക ഇതുവരെ ലഭിച്ചിരുന്നില്ല. മകളുടെ വിവാഹം കഴിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഗിരി. സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ നഷ്ടപരിഹാര തുക ഉപയോഗിക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം. എന്നാൽ നഷ്ടപരിഹാര തുക ലഭിക്കാത്തതിനാൽ അതിന് കഴിഞ്ഞിരുന്നില്ല. അതിൽ മനംനൊന്താണ് ഗൃഹനാഥൻ ജീവനൊടുക്കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഉടൻ നഷ്ടപരിഹാരത്തുക ലഭിക്കുമെന്ന അധികൃതർ നൽകിയ ഉറപ്പ് ലംഘിച്ചതാണ് ഗിരിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇന്ന് മൂന്ന് മണിക്ക് ശേഷം കിളിമാനൂര്‍ സ്പെഷ്യൽ തഹൽസീൽദാര്‍ ഓഫീസിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡ് ജനകീയ സമരസമിതി കിളിമാനൂർ വില്ലേജ് കൺവീനർ ഷിബു കുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
അധികൃതർ വാക്കുപാലിക്കാത്തതോടെ കടുത്ത പ്രതിന്ധിയിലൂടെയാണ് ഭൂമി വിട്ടുനൽകിയവർ കടന്നുപോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. തുക ഉടൻ ലഭിക്കുമെന്ന വിശ്വാസത്തിൽ ഭൂമിയും വീടും നഷ്ടപ്പെടുന്ന പലരും പലിശക്ക് കടമെടുത്ത് വസ്തുവും വീടും വാങ്ങാൻ മുൻകൂർ തുക നൽകി. കരാർ കാലാവധിക്കുള്ളിൽ ഇടപാട് നടക്കാത്തതിനാൽ പലരും കടക്കെണിയിൽ പെട്ടതായും നാട്ടുകാർ ആരോപിക്കുന്നു.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് മാസങ്ങളോളം അധികൃതരിൽനിന്ന് വിശദീകരണമൊന്നും ലഭിച്ചില്ല. എന്നാൽ ഇക്കഴിഞ്ഞ ആഗസ്റ്റിൽ നഷ്ട പരിഹാരം സംബന്ധിച്ച മാനദണ്ഡങ്ങളുടെ വിശദാംശം പുറത്തുവന്നിരുന്നു. കുറഞ്ഞ തുക മാത്രമേ ലഭിക്കൂ എന്നാണ് അധികൃതർ വ്യക്തമാക്കിയത്. ന്യായമായതുക നൽകാമെന്ന് ഉറപ്പ് പറഞ്ഞ് അധികൃതർ വഞ്ചിച്ചതായും ഭൂമി വിട്ടു നൽകിയവർ പറഞ്ഞു. ഇതിനെതിരെ പ്രക്ഷോഭവുമായി ജനകീയ സമരസമിതി രംഗത്തിറങ്ങാനിരിക്കെയാണ് ഗിരി ജീവനൊടുക്കിയതെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here