സ്വപ്നം തീരമണിഞ്ഞു; ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി; ചടങ്ങിൽ പങ്കെടുത്ത് പ്രതിപക്ഷവും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തിയ ചൈനീസ് കപ്പലായ ഷെൻഹുവ 15ന് പ്രൗഢഗംഭീരമായ സ്വീകരണം. കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശി വരവേറ്റു. കപ്പലിനെ ഔദ്യോഗികമായി ബെര്‍ത്തിലെത്തിക്കുന്ന മൂറിംഗ് ചടങ്ങുകള്‍ക്ക് ശേഷം വാട്ടർ സല്യൂട്ടിന്‍റെ അകമ്പടിയോടെയാണ് ഷെൻഹുവ ബെർത്തിലേക്ക് അടുപ്പിച്ചത്.
ഇന്ന് നാല് മണിക്ക് നടന്ന തുറമുഖത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ്, വാട്ടര്‍വേയ്‌സ്-ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായിരുന്നു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. അടുത്ത വർഷം മേയിലാണ് തുറമുഖം കമ്മീഷന്‍ ചെയ്യുന്നത്.
വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുളള മൂന്ന് ക്രെയ്‌നുകളുമായി ചൈനയില്‍ നിന്നുളള ഷെന്‍ഹുവായ് എത്തിയത്. 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തളളി നില്‍ക്കുന്നതുമായ സൂപ്പര്‍ പോസറ്റ് പനാമക്‌സ് ക്രെയ്‌നും 30 മീറ്റര്‍ ഉയരാനുളള രണ്ട് ഷോര്‍ ക്രെയ്‌നുമാണ് കപ്പലില്‍ എത്തിച്ചത്.
ആകെ എട്ട് സൂപ്പര്‍ പോസ്റ്റ് പനാമക്‌സ് ക്രെയ്‌നുകളും ഷോര്‍ ക്രെയ്‌നുകളുമാണ് തുറമുഖ നിര്‍മാണത്തിനാവശ്യം. 2015 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് 7700 കോടിയുടെ പൊതു-സ്വകാര്യ പദ്ധതിയായി വിഴിഞ്ഞം തുറമുഖത്തിന് അദാനി ഗ്രൂപ്പുമായി കരാറൊപ്പിട്ടത്. 2015 ഡിസംബറില്‍ നിര്‍മാണം ആരംഭിച്ചു. നാല് വര്‍ഷത്തിനുളളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മിലുളള കരാര്‍. അദാനി പോർട്ടുമായി 40 വർഷത്തെ കരാറിലാണ് സർക്കാർ ഏർപ്പെട്ടിരിക്കുന്നത്. ആകെ 7700 കോടി രൂപയാണ് നിർമാണച്ചെലവ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here