കടല്‍ക്കൊള്ള ആരോപണങ്ങള്‍ മറക്കാനാവുമോ; മുഖ്യമന്ത്രി കുടുംബസമേതം വിഴിഞ്ഞത്ത് എത്തുമ്പോള്‍…

ഒമ്പത് വര്‍ഷം മുമ്പ് ഏപ്രില്‍ 25നാണ് ദേശാഭിമാനി പത്രത്തില്‍ അത്യന്തം സംഭ്രമജനകമായ ഒരു തലക്കെട്ട് വന്നത്. ‘കടല്‍ക്കൊള്ള – വിഴിഞ്ഞത്ത് ലക്ഷ്യമിട്ടത് 5000 കോടിയുടെ ഭൂമിതട്ടിപ്പ്’. ഈ പത്രവാര്‍ത്തക്ക് തൊട്ടുമുമ്പായിരുന്നു അന്ന് പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ മറ്റൊരു ജലബോംബ് പൊട്ടിച്ചത്. വിഴിഞ്ഞത്ത് 6000 കോടിയുടെ അഴിമതി. ഇങ്ങനെ വിഴിഞ്ഞം പദ്ധതിക്കെതിരെ പരമാവധി അപവാദങ്ങളും ആരോപണങ്ങളും അഴിച്ചുവിട്ട സിപിഎമ്മും പിണറായിയും വികസന വക്താക്കളായി മാറുന്നതാണ് പിന്നെ കേരളം കണ്ടത്.

തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് അടുത്ത മാസം രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി ഇന്ന് വിഴിഞ്ഞത്ത് നടത്തിയ സന്ദർശനം കുടുംബ സമേതമായിരുന്നു. ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ എന്നിർ മുഖ്യമന്ത്രിക്കൊപ്പം പദ്ധതിപ്രദേശം സന്ദര്‍ശിച്ചു. പദ്ധതിയെ എതിര്‍ത്തവരിന്ന് വികസന വക്താക്കളായി മാറിയ ചരിത്രമാണ് വിഴിഞ്ഞം അന്താരാഷ്ട തുറമുഖ പദ്ധതിക്ക് പറയാനുള്ളത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചത്. പതിവുപോലെ പദ്ധതിക്കെതിരെ പ്രതിപക്ഷം സമരവും ആരോപണങ്ങളും അഴിച്ചുവിട്ടു. 2016ല്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടത് മുന്നണി അധികാരത്തില്‍ വന്നു. വിഴിഞ്ഞം ഇടപാടിലെ അഴിമതി അന്വേഷിക്കാൻ പിണറായി സർക്കാർ 2017ൽ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായർ 2018 ഡിസംബറിൽ റിപ്പോർട്ട് നൽകിയത് ഒരു അഴിമതിയും നടന്നിട്ടില്ല എന്നായിരുന്നു. അഴിമതി സംബന്ധിച്ച് ഒരു പരാതിയും എങ്ങുനിന്നും കിട്ടിയിട്ടില്ലെന്നും രാമചന്ദ്രന്‍ നായർ അന്ന് മാധ്യമങ്ങളോട് പറഞ്ഞു.

പിണറായിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വന്നപ്പോൾ നിലപാട് കടുപ്പിക്കുമെന്നും, വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്‍മാറുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ, അതൊന്നും സംഭവിച്ചില്ല. അദാനി പദ്ധതിയുമായി മുന്നോട്ട് പോയി. കപ്പലുകള്‍ വന്ന് ചരക്ക് ഇറക്കാന്‍ തുടങ്ങി. അങ്ങനെ വര്‍ഷങ്ങളായുള്ള സംസ്ഥാനത്തിന്റെ വികസന മോഹം പൂവണിഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പദ്ധതികളെ എതിര്‍ക്കുകയും ഭരണത്തില്‍ വരുമ്പോള്‍ അതിൻ്റെ വക്താക്കളായി മാറുകയും ചെയ്യുന്ന പതിവു രീതിയാണ് ഇവിടെയും ഉണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top