‘ക്രെഡിറ്റ് ഗോസ് ടു ഉമ്മൻചാണ്ടി’; കടല്‍ക്കൊള്ള സ്വപ്ന പദ്ധതിയായി മാറുമ്പോള്‍; വിഴിഞ്ഞം തുറമുഖ പദ്ധതി നേരിട്ട വെല്ലുവിളികൾ

ആര്‍. രാഹുല്‍

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി ഔദ്യോഗികമായി ഒക്ടോബർ 15 ന് ഉദ്ഘാടനം ചെയ്യുകയാണ്. പിണറായി വിജയൻ വിജയൻ നേതൃത്വം നൽകുന്ന ഇടതു സർക്കാറിൻ്റെ സ്വപ്ന പദ്ധതിയെന്ന നിലയിലാണ് ഇപ്പോൾ പദ്ധതി കൊട്ടിഘോഷിക്കപ്പെടുന്നത്. 2015 നവംബര്‍ ഒന്നിനാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പദ്ധതിക്ക് തറക്കല്ലിടുന്നത്. അതിന് ശേഷം പദ്ധതിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെ ത്തിയവരാണ് അന്ന് പാർട്ടി സെക്രട്ടിയായിരുന്ന പിണറായി വിജയനും ഇടതുമുന്നണിയും . ഇത്തരത്തിൽ നിരവധി എതിർപ്പുകളെ അവഗണിച്ചാണ് പദ്ധതി പൂർത്തിയാവുന്നത്.

2006-11ലെ അച്ച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ്‌ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതിക്കായി കൺസോർഷ്യം രൂപീകരിക്കാൻ തീരുമാനിച്ചത്‌. പിന്നീട് ആന്ധ്രയിലെ ലാൻഡ്‌കോ കൊണ്ടെപ്പിള്ളി എന്ന കമ്പനിക്ക് കരാർ നാല്‍കാന്‍ തീരുമാനിച്ചു. എന്നാൽ ‘ചൈനീസ് ഓഹരി പങ്കാളിത്തം’ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കരാർ റദ്ദാക്കി. എന്നാൽ പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ 2014ൽ അദാനി ഗ്രൂപ്പുമായി കരാറിലൊപ്പിടുകയും 2015 നവംബർ ഒന്നിന് വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്‌നർ ട്രാൻഷിപ്‌മെന്റ്‌ പദ്ധതിക്ക്‌ തറക്കല്ലിടുകയും ചെയ്തു. ഇതിന് ശേഷം പദ്ധതിക്കെതിര ശക്തമായ എതിർപ്പും പ്രതിഷേധവുമായി സിപിഎം ഇടത് മുന്നണിയും രംഗത്ത് എത്തി. “അഴിമതി ആരോപണം ഉന്നയിച്ച് ഈ പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ല” എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2015 ജൂണ്‍ എട്ടിന് നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. ആ നിശ്ചയദാർഡ്യമാണ് പദ്ധതിയെ യാഥാർത്ഥ്യമാക്കിയത്.

അദാനിയുമായി ഒപ്പിട്ട 5550 കോടി രൂപയുടെ കരാറില്‍ 5000 കോടി രൂപയുടെ അഴിമതി ആരോപണം ആദ്യം ഉന്നയിച്ചത് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്. തുടര്‍ന്ന് ‘അയ്യായിരം കോടിയുടെ ഭൂമി തട്ടിപ്പും കടല്‍ക്കൊള്ള ‘യും എന്ന പേരില്‍ പദ്ധതിക്കെതിരെ ദേശാഭിമാനിയും കൈരളിയും വ്യാപക പ്രചരണം അഴിച്ചുവിട്ടൂ. ഒറ്റ ടെന്‍ഡര്‍ നടപടിയിലൂടെ അദാനി ഗ്രൂപ്പിനെ തിരഞ്ഞെടുത്തതും കഴിഞ്ഞ സര്‍ക്കാറിൻ്റെ കാലത്തെ വ്യവസ്ഥകള്‍ മാറ്റിയതും ചൂണ്ടിക്കാട്ടി കരാറിനെതിരെ എൽഡിഎഫ് രംഗത്ത് വന്നു. ‘മലയാളിയുടെ വികസനമോഹമറവില്‍ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന അഴിമതിയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് ആരോപിച്ച പിണറായിയാണ് പദ്ധതിക്കെതിരെ 2015 മേയ് 16 ന് ആദ്യ വെടി പൊട്ടിച്ചത്. മുന്‍ കേന്ദ്ര മന്ത്രി കെ.വി. തോമസിൻ്റെ വീട്ടില്‍ വെച്ച് ഉമ്മന്‍ചാണ്ടിയും ഗൗതം അദാനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ക്വട്ടേഷന്‍ നല്‍കിയ മൂന്ന് കമ്പനികളെ ഒഴിവാക്കി ഒറ്റ ടെന്‍ഡര്‍ നല്‍കിയത് തുടങ്ങിയവയും ഉന്നയിച്ചു. റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്കായി പദ്ധതിയുടെ സ്ഥലം വിനിയോഗിക്കുന്നുവെന്ന് മറ്റൊരു പിബി അംഗമായ എം.എ. ബേബിയും പ്രതിപക്ഷനേതാവ് വി.എസ് അച്ച്യുതാനന്ദനും ആരോപിച്ചു. എന്തൊക്കെ എതിർപ്പുണ്ടായാലും പദ്ധതിയുമായി മുന്നോട്ട് പോകും എന്ന ഉറച്ച നിലപാട് ഉമ്മൻചാണ്ടിയും സ്വീകരിച്ചു. .

എന്നാൽ ഉമ്മൻചാണ്ടിക്ക് ശേഷം അധികാരത്തിലെത്തിയ ഇടത് മുന്നണി സർക്കാർ തങ്ങളുടെ 5000 കോടി രൂപയുടെ അഴിമതി ആരോപണം മറന്നു. നിലപാട് മാറ്റിയ സിപിഎം പിബി അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നടപ്പാക്കുമെന് പ്രഖ്യാപിച്ചു. ‘കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ അത് റദ്ദാക്കുന്നത് നിയമപരമായ തടസ്സങ്ങള്‍ സൃഷ്ടിക്കാനും കാലതാമസത്തിനും ഇടയാക്കും. സ്വകാര്യമുതലാളിക്ക് വലിയ തോതില്‍ ലാഭമുണ്ടാക്കുന്ന തരത്തില്‍ പദ്ധതിയെ മാറ്റിയതിനെയാണ് എതിര്‍ത്തത്. പദ്ധതിയെ സിപിഎം ഒരിക്കലും എതിര്‍ത്തില്ലെന്നും’ പിണറായി വിജയൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ സാന്നിധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം.

വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയും അന്വേഷിക്കാൻ ഒന്നാം പിണറായി സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു. രാഷ്ട്രീയ ദുരുപയോഗവും അഴിമതിയും നടന്നിട്ടില്ലെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ സർക്കാരിന് റിപ്പോർട്ട് നൽകി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കൾ അഴിമതി നടത്തിയിട്ടെല്ലെന്നും അവിഹിത നേട്ടമുണ്ടാക്കിയിട്ടെല്ലെന്നും എന്നും കമ്മീഷൻ കണ്ടെത്തി. പദ്ധതിയുടെ മറവിൽ അഴിമതി നടന്നെന്ന ഇടത് സർക്കാർ വാദം കമ്മിഷൻ തള്ളിക്കളഞ്ഞുകൊണ്ട് 2018 ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചു. 2019 ജൂലൈ 6ന് ഈ റിപ്പോർട്ട് സർക്കാർ നിയമസഭയിൽ സമർപ്പിച്ചു.

ഇതോടെ 5000 കോടി അഴിമതി ആരോപിച്ച വിഴിഞ്ഞം പദ്ധതി 7525 കോടിയുടെ പിണറായി സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായി മാറി. എന്നാൽ പദ്ധതിയോട് എന്തായിരുന്നു ഇടത് സമീപനം എന്ന് 2016 ൽ ഏപ്രിൽ 25ന് പുറത്തിറക്കിയ പാർട്ടി മുഖപത്രമായ ദേശാഭിമാനി തന്നെ അടിവരയിടുന്നു. ‘കടൽക്കൊള്ള’ എന്ന തലക്കെട്ടിൽ പുറത്തിറങ്ങിയ ഒന്നാം പേജിൽ വിഴിഞ്ഞം പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൈകോർത്ത തീവെട്ടിക്കൊള്ളയ്ക്ക് പിന്നിലെ ലക്ഷ്യം 5000 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണെന്നാണ് ദേശാഭിമാനിയുടെ വാർത്തയുടെ ഉള്ളടക്കം. കൊച്ചി മെട്രോയിൽ പരാജയപ്പെട്ടപ്പോൾ ഇവിടെ വികസനക്കുതിപ്പിന്റെ പേരുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതി അദാനിക്ക് തീറെഴുതിയതെന്നും വാർത്തയിൽ പറയുന്നു. അദാനിക്ക് വേണ്ടി പെട്ടിചുമക്കുന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാർട്ടൂണും വാർത്തക്കൊപ്പമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.

ഇതിന് പുറമെ പദ്ധതിയുടെ ഭാഗമായി ട്രഞ്ചിംഗ് ആരംഭിച്ചതോടെ ആ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടുവെന്നും മത്സ്യലഭ്യത കുറഞ്ഞതായും വാർത്തയിലുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച സഹായങ്ങളും തൊഴിൽ പുനരധിവാസവും സർക്കാർ മറന്നുതുടങ്ങി എന്നും വാർത്തയിൽ പറയുന്നു. കടൽ വിദേശ കപ്പലുകൾക്കും കര വിഴിഞ്ഞം വാണിജ്യ പോർട്ടിനായി അദാനിക്കും നൽകിയതോടെ തീരദേശവാസികളുടെ മത്സ്യബന്ധനം അസാധ്യമായെന്നും വാർത്തയിലുണ്ട്. മത്സ്യതൊഴിലാളികൾക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കിയ ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൾ അവരെ തീവ്രവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുന്നതും പിന്നീട് കേരളം കണ്ടു. വിഴിഞ്ഞത്ത് ആദ്യ കപ്പൽ അടുക്കുമ്പോൾ ആദ്യം ഓടിയെത്തേണ്ട പേര് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേതാണ് എന്നതാണ് വസ്തുത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top