വിഴിഞ്ഞം തുറമുഖം: പിണറായി ഭാഷയിൽ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ്; “നിങ്ങൾ എത്ര തുള്ളിയാലും ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക്”

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൻ്റെ ലക്ഷ്യപ്രാപ്തിയുടെ വിജയമാണ് വിഴിഞ്ഞം തുറമുഖമെന്ന എൽഡിഎഫ് അവകാശവാദത്തിനെതിരെ പ്രതിപക്ഷ നേതാവ്. പദ്ധതി യാഥാർഥ്യമാക്കിയതിന്റെ ക്രെഡിറ്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെന്ന് വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതില്‍ സന്തോഷമുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതിവേഗത്തിൽ കേരളത്തിന്റെ വികസനം പൂര്‍ത്തികരിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ലക്ഷ്യപ്രാപ്തിയുടെ വിജയമാണ് വിഴിഞ്ഞം തുറമുഖമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിന് വിഴിഞ്ഞം സഹായകരമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

ഇടത് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയെയും അദ്ദേഹം നയിച്ച യുഡിഎഫ് സർക്കാരിനേയും മറക്കാം. പക്ഷേ കേരളം മറക്കില്ല. നിങ്ങൾ എത്ര തുള്ളിയാലും ആ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്കുള്ളതാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ എല്ലാ കുതന്ത്രങ്ങളേയും ” മറികടന്ന് നെടുമ്പാശേരി വിമാനത്താവളവും പരിയാരം സഹകരണ മെഡിക്കല്‍ കോളജും യാഥാര്‍ഥ്യമാക്കിയ ലീഡര്‍ കെ. കരുണാകരന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ തനി പകര്‍പ്പാണ് വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയ ഉമ്മന്‍ചാണ്ടി. ഉള്ളത് പറയുമ്പോൾ തുള്ളൽ വന്നിട്ട് കാര്യമില്ല. നിങ്ങൾ എത്ര തുള്ളിയാലും ആ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്കുള്ളതാണ് ” – സതീശൻ ഫേസ് ബുക്കിൽ കുറിച്ചു.

5000 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആരോപിച്ചയാളാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍. ‘കടല്‍ക്കൊള്ള’ എന്ന് വിശേഷിപ്പിച്ചത് ദേശാഭിമാനി. അഴിമതി അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍. ഒടുവില്‍ എല്ലാം പുകയായി. പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ രൂപം നൽകിയ പാക്കേജും പിണറായി സർക്കാർ അട്ടിമറിച്ചെന്നും സതീശൻ ഫേസ്ബുക്കില്‍ കുറിച്ചു.

അതേ സമയം, ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി, നാഷണല്‍ ഹൈവേ, തീരദേശ ഹൈവേ, ജലഗതാഗതം ഇതെല്ലാം ഇടത് ഭരണകാലത്ത് പൂര്‍ത്തികരിക്കപ്പെടുകയാണ് രാഷ്ട്രീയ രംഗത്തും തിരഞ്ഞെടുപ്പിലും മത്സരങ്ങളാവാം. എന്നാല്‍ കേരളത്തിന്റെ വികസനത്തിന് എല്ലാവരുടെയും സഹായം ആവശ്യമാണെന്നും ജയരാജന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top