വിഴിഞ്ഞം തുറമുഖം: ഉദ്ഘാടനത്തിന് മുമ്പ് കപ്പലെത്തിയോ? വിശദീകരിച്ച് സിഇഒ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 15ന് നിശ്ചയിച്ചിരിക്കെ ആദ്യ കപ്പൽ ഇന്ന് വിഴിഞ്ഞം തീരത്തെത്തി. ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിലും തുറമുഖത്തിൻ്റെ ഉദ്ഘാടനം ഞായറാഴ്ചയായിരിക്കുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കിയിരുന്നു. ചൈനയിൽ നിന്നുള്ള ചരക്ക് കപ്പൽ പുറംകടലിൽ എത്തിയിട്ടുണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അതിന് വ്യക്തത വരുത്താൻ മന്ത്രിക്കായിരുന്നില്ല. അതിനിടയിലാണ് കപ്പൽ ഇന്ന് ഉച്ചയോടെ തീരത്തെത്തിയത്. ഇതിനെതുടര്‍ന്നാണ് ഔദ്യോഗിക ഉദ്ഘാടനം നടന്നിട്ടില്ല എന്ന വിശദീകണം വിഴിഞ്ഞം പോർട്ട് സിഇഒ രാജേഷ് ഝാ നൽകിയത്.

തുറമുഖത്ത് നിന്നും നിന്നും 100 മീറ്റർ അകലെയാണ് കപ്പൽ നങ്കൂരമിട്ടിട്ടിരിക്കുന്നത്. ഉദ്ഘാടനത്തിന് മുമ്പ് നിരവധി തയ്യാറെടുപ്പുകൾ നടത്തേണ്ടതായിട്ടുണ്ട്. ചരക്ക് കപ്പലിൽ എത്തിച്ചിട്ടുള്ള ഉപകരണങ്ങൾ പരിശോധിക്കേണം. അതിന് ശേഷം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രതുറമുഖ മന്ത്രി സർബാനന്ദ് സോനാവോൾ എന്നിവർ ചേർന്ന് കപ്പലിനെ ബർത്തിൽ സ്വീകരിക്കുമെന്നും രാജേഷ് ഝാ അറിയിച്ചു.

ചൈനയിലെ ഷാംഗ്ഹായിൽ നിന്ന് തിരിച്ച ചരക്ക് കപ്പലായ ഷെൻ ഹുവ 15 ആണ് വിഴിഞ്ഞത്ത് എത്തിയത്. വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമുള്ള ഉപകരണങ്ങളുമായാണ് കപ്പൽ എത്തിക്കരിക്കുന്നത്. ഒരു ഷിപ്പ് റ്റു ഷോർ ക്രെയിനും രണ്ട് യാർഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്.

കപ്പലില്‍ നിന്ന് ചരക്ക് കരയിലേക്ക് നീക്കുന്ന ഷിപ്പ് റ്റു ഷോര്‍ ക്രെയിനിൻ്റെ ഉയരം 94.78 മീറ്ററാണ്. ഭാരം 1620 ടണ്‍. ബൂമിന്‍റെ അഥവാ ക്രെയിനിന്‍റെ കൈയുടെ നീളം 80 മീറ്റര്‍ വരും. അതായത് കപ്പലിലേക്ക് 80 മീറ്റര്‍ വരെ ബൂം നീട്ടി ചരക്ക് എടുക്കാന്‍ സാധിക്കും. രാജ്യത്തെ തുറമുഖങ്ങളാൽ ഇന്നുപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ്പ് ടു ഷോർക്രെയിനുമായാണ് കപ്പലെത്തിയത്. 94.78 മീറ്റർ ഉയരമുള്ള ക്രെയിൻ പ്രവർത്തിപ്പിച്ച് കപ്പലിൽ 72 മീറ്റർ അകലെയുള്ള കണ്ടെയ്നർ വരെ എടുക്കാനാകും. ഗുജറാത്തിലെ മുദ്ര തുറമുഖത്ത് ഉപയോഗിക്കുന്നത് 62 മീറ്റർ പരിധിയുള്ള ഷിപ്പ് ടു ഷോർ ക്രെയിനാണ്.

Logo
X
Top