ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലിന് ഇന്ന് ഔദ്യോഗിക സ്വീകരണം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവായ്ക്ക് ഇന്ന് വൈകീട്ട് ഔദ്യോഗിക സ്വീകരണമൊരുക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ് സോനോവാൾ, സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ, അദാനി ഗ്രൂപ്പ് സി.ഇ.ഒ. കരൺ അദാനി പങ്കെടുക്കും.
വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുള്ള മൂന്ന് ക്രെയിനുകളുമായി ചൈനയിൽനിന്നുള്ള കപ്പൽ തുറമുഖത്തെത്തിയത്. 100 മീറ്റർ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളി നിൽക്കുന്നതുമായ സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റർ ഉയരമുള്ള രണ്ട് ഷോർ ക്രെയിനുമാണ് കപ്പലിൽ എത്തിച്ചത്. അടുത്തദിവസം ക്രെയിൻ കപ്പലിൽനിന്നിറക്കി ബെർത്തിൽ സ്ഥാപിക്കും.
2015-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് 7700 കോടിയുടെ പൊതു-സ്വകാര്യ പദ്ധതിയായി വിഴിഞ്ഞം തുറമുഖത്തിന് അദാനി ഗ്രൂപ്പുമായി കരാറൊപ്പിട്ടത്. 2015 ഡിസംബറിൽ നിർമാണം ആരംഭിച്ചു. പക്ഷെ ഓഖി, കോവിഡ് സാഹചര്യങ്ങളാല്‍ നിര്‍മ്മാണം അനിശ്ചിതമായി നീണ്ടു. 2024 ഡിസംബറിൽ തുറമുഖം പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here