‘പൊട്ടനെ ചെട്ടി ചതിക്കും, ചെട്ടിയെ ദൈവം ചതിക്കും’; കേന്ദ്ര സര്‍ക്കാരിന്റെ വിഴിഞ്ഞം പരസ്യത്തില്‍ മുഖ്യമന്ത്രി ഔട്ട്

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങ് നടത്താനിറങ്ങിയ പിണറായി സര്‍ക്കാരിന് കേന്ദ്രം വക എട്ടിന്റെ പണി. തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഇന്ന് പത്രങ്ങള്‍ക്ക് നല്‍കിയ പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ മാത്രം. കഴിഞ്ഞ വര്‍ഷം നടന്ന തുറമുഖ ട്രയല്‍ റണ്ണിന്റെ വേളയില്‍ പദ്ധതിക്ക് തുടക്കമിട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പോലും പറയാതിരുന്ന പിണറായിക്കും കൂട്ടര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സമീപനത്തില്‍ നാണം കെട്ട് നാമാവശേഷമായി നില്‍ക്കയാണ്.
വികസിത് ഭാരത് 2047ന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഷിപ്പിങ് മന്ത്രാലയം നല്‍കിയ പരസ്യത്തില്‍ പറയുന്നുണ്ട്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്തെത്തും. വെള്ളിയാഴ്ച നടക്കുന്ന തുറമുഖ കമ്മിഷനിങ്ങിനാണ് അദ്ദേഹമെത്തുന്നത്. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് തുറമുഖത്ത് ചടങ്ങ്.
കേന്ദ്ര സര്‍ക്കാര്‍ പരസ്യത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ പേരും പടവും ഒഴിവാക്കിയതിനെതിരെ മുറുമുറുപ്പും പ്രതിഷേധവും സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കിലും അവസാന നിമിഷം ഒന്നും ചെയ്യാനാവാത്ത ഗതികേടിലാണ്. പദ്ധതി കേന്ദ്രത്തിന്റേതാണെന്ന മട്ടിലാണ് പരസ്യം വന്നിരിക്കുന്നത്. പ്രധാനമായും ഇംഗ്ലീഷ് പത്രങ്ങള്‍ക്കാണ് കേന്ദ്ര തുറമുഖ മന്ത്രാലയം പരസ്യം നല്‍കിയത്. മലയാളത്തില്‍ മാധ്യമം പത്രത്തിലും പരസ്യം നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവിനെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തുറമുഖ മന്ത്രി വി എന്‍ വാസവന്‍ പേരിനൊരു ക്ഷണക്കത്തയച്ചു. അദ്ദേഹത്തിന്റെ റോള്‍ എന്താണെന്നോ, സദസിലാണോ വേദിയിലാണോ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഇരിപ്പടം എന്നൊന്നും പറയാത്ത ഒരു കത്താണ് മന്ത്രിയുടെ ഓഫീസില്‍ നിന്നയച്ചത്. വാസവന്‍ അയച്ച കത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഒരു ചടങ്ങ് വിഴിഞ്ഞത്തുണ്ട്. ആ ചടങ്ങില്‍ താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുറമുഖം കൊണ്ടുവന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.

വല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കുക എന്നതു മാത്രമാണ് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടി. അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ പല കരാറുകളും നടപ്പാക്കിയിട്ടില്ല. പുനരധിവാസത്തിന് വേണ്ടിയുള്ള 475 കോടിയുടെ പാക്കേജും യാഥാര്‍ത്ഥ്യമായിട്ടില്ല. ഒമ്പത് വര്‍ഷമായി റെയില്‍ റോഡ് കണക്ടിവിറ്റി ഉണ്ടാക്കാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here