അന്ന് വിഴിഞ്ഞം 5000 കോടിയുടെ ഭൂമി തട്ടിപ്പ്; ഇന്ന് അഭിമാന തുറമുഖം; പാരവയ്പുകളെ അതിജീവിച്ച സ്വപ്നപദ്ധതി
വിഴിഞ്ഞം തുറമുഖം കേരളത്തിന്‍റെ സ്വപ്നപദ്ധതിയെന്ന് അവകാശപ്പെട്ട് ഇടത് മുന്നണി സർക്കാർ അഭിമാനവും ആവേശവും കൊള്ളുകയാണ്. എട്ടുവർഷം മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയൻ നയിച്ച സിപിഎമ്മും ഇടതുമുന്നണിയും സർവശക്തിയും ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ച പദ്ധതിയെയാണ് ഇപ്പോൾ ഈവിധം വാഴ്ത്തിപ്പാടുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്‍റെ സങ്കുചിത കാഴ്ചപ്പാടുകളും നിലപാടില്ലായ്മയും നിമിത്തം അരനൂറ്റാണ്ട് നീണ്ടുപോയ പദ്ധതിയാണ് ഇന്നിപ്പോൾ ട്രാക്കിലേക്ക് നീങ്ങുന്നത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് 2000 കണ്ടെയ്നറുമായി ആദ്യ ചരക്ക് കപ്പൽ എത്തിയതിന് പിന്നിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വികസന കാഴ്ചപ്പാടും നിശ്ചയ ദാർഢ്യവും ആണെന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല. പല തരത്തിൽ ഉടക്കും പാരകളും കൊണ്ട് പദ്ധതിയെ അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടായി. ഒരുപാട് വൈതരണികളെ മറികടന്നാണ് ടെന്‍ഡര്‍ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞത്. തുറമുഖ നിർമ്മാണത്തിനായിടെന്‍ഡര്‍ വിളിച്ച ഘട്ടത്തിൽ ഒരു കമ്പനി പോലും ടെന്‍ഡര്‍ രേഖ സമർപ്പിക്കാതിരുന്നിട്ടും ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലാണ് അദാനി ഗ്രൂപ്പിനെ കൊണ്ടുവരാൻ കഴിഞ്ഞത്.
ഇന്നിപ്പോൾ പിണറായി വിജയന്‍റെ നിശ്ചയദാർഢ്യം കൊണ്ടാണ് തുറമുഖ പണി തീർത്ത് കപ്പൽ വന്നതെന്ന് അവകാശവാദം ഉന്നയിക്കുമ്പോഴും ഉമ്മൻ ചാണ്ടിയുടെ സംഭാവനകൾ തള്ളിക്കളയാൻ കഴിയുന്നതല്ല. 2015 ഡിസംബർ 5ന് പദ്ധതിക്ക് തറക്കല്ലിടുകയും വലിയ കോലാഹങ്ങളില്ലാതെ 250 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകുകയും ചെയ്തത് യുഡിഎഫ് സർക്കാരായിരുന്നു. തറക്കല്ലിട്ട് ഒമ്പത് കൊല്ലത്തിന് ശേഷമാണ് പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായത് എന്നതാണ് വസ്തുത.
പദ്ധതിക്ക് തുടക്കം കുറിച്ചത് 2016ലെ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു. 2016 ഏപ്രിൽ 25ലെ ദേശാഭിമാനി പത്രത്തിന്‍റെ ഒന്നാം പേജിൽ സ്തോഭജനകമായ വാർത്ത വന്നു. “കടൽക്കൊള്ള: വിഴിഞ്ഞത്ത് ലക്ഷ്യമിട്ടത് 5000 കോടിയുടെ ഭൂമിതട്ടിപ്പ്” – ഒരുപേജ് നിറയെ ഈ പദ്ധതിയിലെ നടക്കാത്ത തട്ടിപ്പുകളെക്കുറിച്ചുള്ള ഭാവനാ വിലാസങ്ങളായിരുന്നു. ‘സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിൽ പൊതുമേഖലയിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ട വിഴിഞ്ഞം തുറമുഖ പദ്ധതിയെ കോർപ്പറേറ്റ് കമ്പനിക്ക് തീറെഴുതിയതിന് പിന്നിലെ അണിയറ രഹസ്യം തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു. ഉമ്മൻ ചാണ്ടിയും നരേന്ദ്രമോദിയും കൈകോർത്ത തീവെട്ടിക്കൊള്ളയുടെ പിന്നിലെ ലക്ഷ്യം 5000 കോടി രൂപ വിലമതിക്കുന്ന ഭൂമി”… ഇങ്ങനെ നട്ടാൽ കുരുക്കാത്ത കുറെ നുണകളായിരുന്നു അന്ന് പ്രചരിപ്പിച്ചത്. ഈ ആരോപണത്തിന് ഒറ്റവാക്കിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി, “വിഴിഞ്ഞം പദ്ധതിയുടെ ആകെ തുക 6000 കോടി മാത്രമാണ്. അതിൽ നിന്ന് 5000 കോടി അഴിമതി നടക്കുമോ എന്ന് നിങ്ങൾ ആലോചിക്കുക” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
2016ൽ അധികാരത്തിലെത്തിയ പിണറായി സർക്കാർ വിഴിഞ്ഞം പദ്ധതിയിൽ സിഎജിയും മറ്റും ചൂണ്ടിക്കാണിച്ച ക്രമക്കേടുകൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ അധ്യക്ഷനായ കമ്മിഷൻ പക്ഷെ മുൻ മുഖ്യമന്ത്രിക്കും സർക്കാരിനും ക്ലീൻചിറ്റ് നൽകുകയാണ് ഉണ്ടായത്. പദ്ധതിയിൽ ആരും അഴിമതി നടത്തിയിട്ടില്ല എന്നായിരുന്നു കമ്മിഷന്‍റെ കണ്ടെത്തൽ. രാഷ്ട്രീയ ദുരുപയോഗവും നടന്നിട്ടില്ല. പദ്ധതിയുമായി മുന്നോട്ടു പോകാം എന്നുതന്നെ കമ്മിഷൻ വിധിയെഴുതി. ഇതോടെ 5000 കോടിയുടേത് അടക്കം അഴിമതിക്കഥയെല്ലാം ആവിയായി. 1000 ദിവസം കൊണ്ട് ഒന്നാംഘട്ടം പൂർത്തിയാക്കണമെന്ന ഉറപ്പ് പക്ഷെ പാലിക്കപ്പെട്ടില്ലെന്ന് മാത്രം. എൽഡിഎഫ് സർക്കാരിന്‍റെ വിട്ടുവീഴ്ചയില്ലാത്ത വികസന കാഴ്ചപ്പാടിന്‍റെ പൊൻതൂവലായി വിഴിഞ്ഞത്തെ വിശേഷിപ്പിച്ച് ഇന്നും ദേശാഭിമാനി മുഖപ്രസംഗം എഴുതുമ്പോൾ പദ്ധതിയെ തുരങ്കം വയ്ക്കാൻ ശ്രമിച്ചവരെ കൂടി ഓർക്കണമെന്ന് മാത്രം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here