തുറമുഖം കനത്ത സുരക്ഷയിൽ; കടൽവഴി പ്രതിഷേധം ഉണ്ടായാൽ വെല്ലുവിളിയാകും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനത്തിന് കനത്ത സുരക്ഷ. കേരള പോലീസിൻ്റെ വിവിധ വിഭാഗങ്ങൾക്ക് പുറമേ, കോസ്റ്റ് ഗാർഡ് അടക്കം കേന്ദ്ര ഏജൻസികളും രംഗത്തുണ്ടാകും. മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ഉണ്ടായാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ കൂടിയാലോചനകൾ തുടരുകയാണ്. തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ രൂപതാ നേതൃത്വം ഇന്നും അതൃപ്തി പ്രകടിപ്പിച്ച സാഹചര്യം വിശദമായി പരിശോധിക്കുകയാണ്.
തുറമുഖം ഉപജീവനം മുട്ടിക്കുമെന്ന നിലപാടിൽ ഒരു വിഭാഗം മത്സ്യതൊഴിലാളികൾ നേരത്തെ തന്നെ പ്രതിഷേധത്തിലാണ്. ഇത്തവണ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരുവിഭാഗം ശക്തമായ പ്രതിഷേധം ഉയർത്താനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. ലത്തീൻ അതിരൂപതയുടെ പിന്തുണയിൽ മുൻപ് പലവട്ടം തുറമുഖത്തിനെതിരെ സമരം നടന്നിരുന്നു. ഒരുഘട്ടത്തിൽ സമരം അക്രമസക്തമാകുകയും വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ വരെ എത്തുകയും ചെയ്തിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് രഹസ്യാന്വേഷണ വിഭാഗങ്ങളും കനത്ത ജാഗ്രതയിൽ ആണ്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ സി എച്ച് നാഗരാജു, റൂറൽ പോലീസ് സൂപ്രണ്ട് ഡി ശിൽപ എന്നിവർക്കാണ് സുരക്ഷയുടെ ഉത്തരവാദിത്തം. കരയിലും കടലിലും ഒരുപോലെ സുരക്ഷ ഒരുക്കേണ്ടിവരും. സമരക്കാർ വാഹങ്ങളിൽ വിഴിഞ്ഞത്തേക്ക് എത്താതിരിക്കാൻ പോലീസ് ശ്രദ്ധിക്കും. ആവശ്യമെങ്കിൽ വാഹനങ്ങൾ പുറപ്പെടുന്ന സ്ഥലങ്ങളിൽ തന്നെ തടയും. എന്നാൽ കടൽമാർഗം പ്രതിഷേധം ഉണ്ടായാൽ കൈകാര്യം ചെയ്യുക എളുപ്പമാകില്ല എന്നതാണ് വെല്ലുവിളി. കടലിലെ സംഘർഷം ഏത് വിധേനയും ഒഴിവാക്കിയേ തീരൂ എന്നതാണ് പോലീസിൻ്റെ നിലപാട്. തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി സുരക്ഷ ഒരുക്കുക എന്നതാണ് നിലവിൽ സ്വീകരിച്ചിട്ടുള്ള തന്ത്രം.
തിരുവനന്തപുരത്ത് വിഴിഞ്ഞം കൂടാതെ, പൂവാർ , അഞ്ചുതെങ്ങ് എന്നിങ്ങനെ മൂന്ന് തീരദേശ സ്റ്റേഷനുകൾ ആണ് പോലീസിന് ഉള്ളത്. ഇതിൽ അഞ്ചുതെങ്ങിലാകട്ടെ പോലീസിന് ബോട്ട് പോലുമില്ല. ബോട്ടുകൾ വാടകക്ക് എടുക്കാനും ആലോചനയുണ്ട്. ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാൻ ശേഷിയുള്ളത് കോസ്റ്റ് ഗാർഡിനാണ്. എന്നാൽ കടലിൽ വലയം തീർത്ത് പ്രതിഷേധക്കാരെ തടയാനുള്ള ആൾബലം ഇവർക്കുമില്ല. തീരപ്രദേശത്തെ പോലീസ് സ്റ്റേഷനുകളുടെ സുരക്ഷയും വർധിപ്പിക്കും. തിരുവനന്തപുരം സിറ്റിപോലീസിന്റെ അധികാര പരിധിയിലാണ് വിഴിഞ്ഞം തുറമുഖപ്രദേശം. മത്സ്യതൊഴിലാളികൾ കൂടുതലുള്ള വിഴിഞ്ഞം, പൂന്തുറ, വലിയതുറ എന്നീ സ്ഥലങ്ങൾ സിറ്റി പോലീസിന്റെ പരിധിയിലാണ്. റൂറൽ പോലീസിൻ്റെ പരിധിയിൽ പൂവാർ, പൊഴിയൂർ, അഞ്ചു തെങ് വർക്കല, കടയ്ക്കാവൂർ എന്നിവിടങ്ങളിലാണ് കൂടുതൽ മത്സ്യതൊഴിലാളികൾ പാർക്കുന്നത്. ഇവിടങ്ങളിൽ കരയിലും കടലിലും പോലീസ് പട്രോളിംഗ് ഉണ്ടാകും. കോസ്റ്റൽ പോലീസിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും ബോട്ടുകൾക്ക് പുറമെ കോസ്റ്റ് ഗാർഡ് വിഴിഞ്ഞം സ്റ്റേഷനിൽ നിന്നുള്ള രണ്ടു പട്രോളിംഗ് കപ്പലുകളും തുറമുഖഭാഗത്ത് കടലിലുണ്ടാകും.