കേരളത്തിന് അസാധ്യം എന്നൊന്നില്ലെന്ന് മുഖ്യമന്ത്രി; വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയത് ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ച് അസാധ്യം എന്ന ഒരു വാക്കിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വപ്നം യാഥാര്‍ഥ്യമാകുന്നതിന്റെ അടുത്താണ് നമ്മള്‍. വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയിരിക്കുന്നു. ഇതുപോലെത്തെ എട്ടു കപ്പലുകള്‍ കൂടിയാണ് ഇങ്ങോട്ടേക്ക് വരുന്നത്. അഞ്ചു മുതല്‍ ആറുമാസം കൊണ്ട് പദ്ധതി പൂര്‍ണ്ണമായും കമ്മീഷന്‍ ചെയ്യാനാകും. ഏതു പ്രതിസന്ധിയെയും, എത്ര വലുതാണെങ്കിലും അത് അതിജീവിക്കും എന്നത് നമ്മുടെ ഐക്യത്തിലൂടെ തെളിയിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിത്തിര തിരുനാൾ മുതൽ ഐക്യകേരളത്തിൽ മാറി മാറി വന്ന സർക്കാരുടെ ശ്രമഫലമാണ് ഈ ദിനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തൻ്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. നമ്മുടെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ച ദിവസമാണിന്ന്. ദക്ഷിണ കേരളം മുഴുവൻ ഒരു പോർട്ട് സിറ്റിയായി മാറുന്ന സ്വപ്നത്തിലേക്ക് വേണം നാം പറക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് അനുസ്മരിക്കാതിരിക്കാൻ കഴിയില്ല. അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള സർക്കാരാണ് വിഴിത്തം പദ്ധതി യാഥാർഥ്യമാക്കിയത്. ഒരുപാട് പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അദ്ദേഹം നേരിട്ടു. കടൽക്കൊളള എന്ന പേരിൽ 6000 കോടിയുടെ അഴിമതി ആരോപണം നെഞ്ചിൽ തറച്ചപ്പോഴും പിന്തിരിഞ്ഞോടാതെ അദ്ദേഹം പദ്ധതിക്കായി നിലകൊണ്ടു. വികസനം എന്നത് നാടിനോടുള്ള കടമയാണ് എന്ന ധീരമായ നിലപാട് സ്വീകരിച്ച ഉമ്മൻചാണ്ടി പദ്ധതി നടപ്പാക്കുക തന്നെ ചെയ്തു. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ അനുമതിയും കേന്ദ്ര സർക്കാരിൽ നിന്നും വാങ്ങിയ ശേഷമാണ് ഉമ്മൻ ചാണ്ടി സർക്കാർ കാലാവധി ഒഴിയുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കേരളത്തിൻ്റെ വികസനത്തിൻ്റെ ചരിത്രം വിഴിഞ്ഞത്തിന് മുമ്പും ശേഷവും എന്ന് അടയാളപ്പെടുത്തുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി കെ.കരുണാകരൻ, വി.എസ്. അച്യുതാനന്ദൻ ,ഇ.കെ.നായനാർ എന്നിവരെ ഉദ്ഘാടന ദിവസം ഓർക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേ സമയം , വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തിയ ചൈനീസ് കപ്പലായ ഷെൻഹുവ 15 നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശി വരവേറ്റു. വാട്ടർ സല്യൂട്ടിന്‍റെ അകമ്പടിയോടെയാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. കപ്പലിനെ ഔദ്യോഗികമായി ബെര്‍ത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു സ്വീകരണം. ഇന്ന് നാല് മണിക്ക് നടന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ്, വാട്ടര്‍വേയ്‌സ്-ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായിരുന്നു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു.

കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,ധനമന്ത്രി കെ.എൻ. ബാലഗോപാപാൽ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ രാജൻ, , ശശി തരൂർ എംപി, എം. വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ.വി. വേണു, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top