വിഴിഞ്ഞം തുറമുഖം; പദ്ധതി വൈകിപ്പിച്ചത് മുഖ്യമന്ത്രിയുടെ അല്പത്തരം, ഉമ്മൻചാണ്ടിയോട് മാപ്പു പറയണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും, അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

”പദ്ധതി നാലു വർഷം വൈകിപ്പിച്ചത് മുഖ്യമന്ത്രിക്ക് ക്രെഡിറ്റ് കിട്ടാനുള്ള അല്പത്തരം ആണ്. യു ഡി എഫ് ഭരണകാലത്ത് പദ്ധതിയ്ക്കായുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചിരുന്നു. 2019തിൽ തന്നെ പദ്ധതി പൂർത്തിയാക്കാമായിരുന്നു. എന്നാൽ പിടിപ്പുകേടിന്റെ പര്യായമായ പിണറായിക്കും സംഘത്തിനും അതുമായി മുന്നോട്ടു പോകാനായില്ല.

പദ്ധതിയുടെ അനുബന്ധമായി തീരേണ്ട വിഴിഞ്ഞം- ബാലരാമപുരം ബൈപാസ് റോഡിന് ടെണ്ടര്‍ വിളിക്കാന്‍ പോലും സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയ പദ്ധതിയാണിത്. വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബറിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല. 2016ല്‍ 500 കോടി രൂപ വകയിരുത്തിയ അഴീക്കല്‍ തുറമുഖ പദ്ധതിക്ക് ഇതുവരെ പ്രോജക്ട് റിപ്പോര്‍ട്ട് പോലും തയാറാക്കാന്‍ കഴിഞ്ഞില്ല എന്നിടത്താണ് രണ്ടു സര്‍ക്കാരുകളും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നത്.

ഉമ്മന്‍ ചാണ്ടി പണപ്പെട്ടിയുമായി നില്ക്കുന്ന കാര്‍ട്ടൂണ്‍ സഹിതം ‘ 5000 കോടിയുടെ ഭൂമിതട്ടിപ്പും കടല്‍ക്കൊള്ളയും’ എന്ന കൂറ്റന്‍ തലക്കെട്ടിട്ടാണ് 2016 ഏപ്രില്‍ 25ന് ദേശാഭിമാനി പത്രം പുറത്തിറങ്ങിയത്. പിണറായി വിജയന്‍ അതിനും മേലെ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചു. പിബി അംഗം എംഎ ബേബി, വിഎസ് അച്യുതാനന്ദന്‍ തുടങ്ങിയവരും ആരോപണങ്ങള്‍ അഴിച്ചുവിട്ടു. ഇവയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍നായരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചു. പക്ഷേ അദ്ദേഹം ക്ലീന്‍ ചിറ്റ് നല്കി. അഴിമതി ആരോപണം ഉന്നയിച്ച് പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അതു നടക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ആ നിശ്ചയദാര്‍ഢ്യമാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്”. വിഴിഞ്ഞം തീരദേശവാസികളുടെ ഇനിയും പരിഹരിക്കാത്ത നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കി സമവായത്തോടെ പദ്ധതി നടപ്പാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top