‘സാൻ ഫെർണാൺഡോ’ ഇന്ന് വിഴിഞ്ഞത്ത്; എത്തുന്നത് ആദ്യ ചരക്കുകപ്പൽ; ഔദ്യോഗിക സ്വീകരണം വെള്ളിയാഴ്ച

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പൽ ഇന്ന് രാവിലെയെത്തും. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാൺഡോയെന്ന കപ്പലാണ് വിഴിഞ്ഞത്തേക്ക് കണ്ടെയ്‌നറുകളുമായി എത്തുന്നത്. കപ്പലിൽനിന്ന്‌ 2000 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത്‌ ഇറക്കുന്നത്.

പൂർണതോതിൽ ചരക്കുനീക്കം നടക്കുന്ന തരത്തിലുള്ള ട്രയൽറണ്ണാണ് ഇന്ന് തുടങ്ങുന്നത്. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാർഥ്യമാകുന്നത്. പിപിപി മാതൃകയിൽ 7700 കോടിയുടെ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയാണിത്.

നാളെ രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നൽകും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടർ കരൺ അദാനിയും പങ്കെടുക്കും. ചൈനയിൽ നിന്നെത്തിക്കുന്ന കണ്ടെയ്‌നറുകൾ അടുത്ത ദിവസങ്ങളിൽ തുറമുഖത്തെത്തുന്ന കപ്പലുകളിൽ മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. ട്രയൽ റണ്ണിന്റെ ഭാഗമായി സെപ്റ്റംബർവരെ തുടർച്ചയായി ചരക്കുകപ്പലുകൾ എത്തും. മൂന്നുമാസത്തിനുള്ളിൽ തുറമുഖത്തിന്റെ വാണിജ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.

ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ കപ്പലാണ് സാൻ ഫെർണാൺഡോ. 110ലേറെ രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയാണ് മെസ്‌ക്. കഴിഞ്ഞ മാസം 22ന് ഹോങ്കോംഗില്‍ നിന്നാണ് സാൻ ഫെർണാൺഡോ പുറപ്പെട്ടത്. ചൈനയിലെ ഷാങ്ഹായി, സിയാമെന്‍ തുറമുഖങ്ങള്‍ വഴിയാണ് യാത്ര. സിയാമെനില്‍ നിന്ന് രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായി ജൂലായ് ഒന്നിന് വിഴിഞ്ഞത്തേക്ക് തിരിച്ചു. ഇന്ന് രാവിലെ വിഴിഞ്ഞം പുറംകടലിലെത്തും. നാളെ തുറമുഖത്തേക്ക് അടുപ്പിക്കും. ഉച്ചയ്ക്ക് 12ന് വിഴിഞ്ഞം വിടുന്ന കപ്പല്‍ പിറ്റേന്ന് ഉച്ചയോടെ കൊളംബോയിലെത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top