വിഴിഞ്ഞം വിജിഎഫ് നിബന്ധനയില്‍ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം; 817 കോടി കേരളം തിരിച്ചടയ്ക്കണം
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം നല്‍കുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) തിരികെ നല്‍കണം എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം. ഈ തുക ലാഭവിഹിതമായി തിരികെ നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാനാകില്ല എന്നാണ് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ അറിയിച്ചത്. വിഴിഞ്ഞം പദ്ധതിയുടെ അംഗീകാര സമയത്തെല്ലാം ഇക്കാര്യം വ്യക്തമാക്കിയിരുന്നു എന്നാണ് മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കിയത്. ലീഗ് അംഗം ഹാരീസ് ബീരാനാണ് ചോദ്യം ഉന്നയിച്ചത്.
ഇളവ് തേടി കേരളം നല്‍കിയ കത്തുകള്‍ 2022 ജൂണ്‍ , 2024 ജൂലൈ സമയത്ത് ചേര്‍ന്ന ഉന്നതാധികാരസമിതി യോഗങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും വ്യക്തമാക്കിയിരുന്നു. കേരളത്തിന് 10000 മുതല്‍ 12000 കോടി വരെ നഷ്ടം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്ത് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here