വിഴിഞ്ഞം ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍; 1629 കോടി രൂപയുടെ ബാധ്യത ഏറ്റെടുക്കും

വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തീരുമാനത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. റോഡ് നിര്‍മ്മാണത്തിന്റെ 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിനും അംഗീകാരം നല്‍കിയിട്ടുണ്ട്. 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി, ക്യാപിറ്റല്‍ റീജിയണ്‍ ഡെവലപ്മെന്റ് പ്രോജക്റ്റ്, പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ ഉള്‍പ്പെട്ട കരട് ചതുര്‍കക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചത്.

ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50% (ഏകദേശം 930.41 കോടി രൂപ) കിഫ്ബി മുഖേന നല്‍കും. സര്‍വീസ് റോഡുകളുടെ നിര്‍മ്മാണത്തിന് ആവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ) അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരള സര്‍ക്കാര്‍ ദേശീയപാത അതോറിറ്റിക്ക് നല്‍കുന്നതുമാണ്. ഇതിനു പുറമെ റോയല്‍റ്റി, ജിഎസ്ടി ഇനങ്ങളില്‍ ലഭിക്കുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കും. ചരക്ക് സേവന നികുതി ഇനത്തില്‍ ലഭിക്കുന്ന 210.63 കോടി രൂപയും, റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നുവയ്ക്കുക.

ഔട്ടര്‍ റിങ്ങ് റോഡിന്റെ നിര്‍മ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കല്‍ ഉല്‍പ്പന്നങ്ങളും മറ്റ് പാറ ഉല്‍പ്പന്നങ്ങളും റോയല്‍റ്റി ഇളവ് ലഭിക്കുന്ന ഉല്‍പ്പന്നങ്ങളും ഈ ദേശീയപാതയുടെ നിര്‍മ്മാണത്തിന് മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു. ദേശീയപാത അതോറിറ്റി നിയോഗിക്കുന്ന എഞ്ചിനീയര്‍, ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ സംയുക്ത ടീം റോയല്‍റ്റി ഇളവ് ലഭിക്കേണ്ട ഉല്‍പ്പന്നങ്ങളുടെ അളവ് സര്‍ട്ടിഫൈ ചെയ്യേണ്ടതാണ്.

ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന ചരക്ക് സേവന നികുതി വിഹിതം, ദേശീയപാത അതോറിറ്റിക്ക് ഗ്രാന്റ് ആയി നല്‍കും. ദേശീയപാത അതോറിറ്റി സമര്‍പ്പിക്കുന്ന നിര്‍ദ്ദേശം സൂക്ഷ്മപരിശോധന നടത്തി ഗ്രാന്റ് നല്‍കുന്നതിന് നികുതി-ധനകാര്യ വകുപ്പുകള്‍ ചേര്‍ന്ന് നടപടിക്രമം വികസിപ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top